കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലുണ്ടായ സംഘര്‍ഷത്തിലെ കുറ്റവാളികളെ പിടികൂടണമെന്ന് ഹൈക്കോടതി. ഭക്തര്‍ക്കു പുറമേ മറ്റാരെങ്കിലും സംഘര്‍ഷ പ്രദേശത്തുണ്ടായിരുന്നോ എന്ന് അറിയേണ്ടതുണ്ട്. ഗാലറിക്കു വേണ്ടി കളിക്കരുത്. കുറ്റവാളികളെ പിടിക്കണം. സര്‍ക്കാര്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ചാനല്‍ ദൃശ്യങ്ങളും ഫോട്ടോകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുറ്റവാളികളായ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്നും സ്റ്റേറ്റ് അറ്റോണി വ്യക്തമാക്കി.
ശബരിമലയിലെ യുവതീ പ്രവേശനത്തോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് നിലയ്ക്കലില്‍ നടത്തിയ നാമജപ യജ്ഞത്തില്‍ പങ്കെടുത്ത ഭക്തരുള്‍പ്പെടെയുള്ളവരെ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യമില്ലാ വകുപ്പു ചുമത്തി അകത്താക്കുകയാണെന്നും ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍, പമ്പ സ്വദേശി സുരേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഒക്ടോബര്‍ 17 മുതല്‍ 18 വരെ നിലയ്ക്കലില്‍ നാമജപ യജ്ഞവും സമാധാനപരമായി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ ഇതവസാനിപ്പിക്കുകയും ചെയ്തു. നാമജപയജ്ഞത്തിന്റെ പേരില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസ് ആളുകളെ കസ്റ്റഡിയിലെടുക്കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഭക്തരുടെയും കാഴ്ചക്കാരുടെയും പോലീസുകാരുടെയും വരെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ് കേസ് എടുക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.