ഹാവഡ്: ശരീരത്തില്‍ ഏതു ഭാഗത്താണ് തേനീച്ച കുത്തുമ്പോള്‍ ഏറ്റവും വേദനയുണ്ടാവുന്നത്? 600 മക്കള്‍ക്കു ജന്‍മം നല്‍കാന്‍ ശാരീരികമായി ഒരു പുരുഷനു സാധിക്കുമോ? അത്തരം ചോദ്യങ്ങള്‍ക്കു മറുപടി കണ്ടെത്താന്‍ ഗവേഷണം നടത്തിയവര്‍ക്കുള്ള ഇഗ്‌നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകരായ ജസ്റ്റിന്‍ ഷ്മിട്ട്, മൈക്കല്‍ സ്മിത്ത് എന്നിവരാണു നാസാദ്വാരം, മേല്‍ച്ചുണ്ട്, ലിംഗം എന്നിവിടങ്ങളില്‍ തേനീച്ച കുത്തുമ്പോഴാണ് ഏറ്റവുമധികം വേദന അനുഭവപ്പെടുന്നതെന്നു കണ്ടുപിടിച്ചത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 38 ദിവസം തേനീച്ചയെക്കൊണ്ടു കുത്തിച്ചാണ് ഇരുവരും ഈ കണ്ടുപിടിത്തം നടത്തിയത്.ഒരു മൊറോക്കന്‍ ചക്രവര്‍ത്തിയുടെ ഉല്‍പ്പാദനശേഷിയെക്കുറിച്ചു പഠിച്ചതിനാണ് ജര്‍മന്‍-ഓസ്ട്രിയന്‍ ഗണിതശാസ്ത്രജ്ഞര്‍ക്കു സമ്മാനം ലഭിച്ചത്.
1672ല്‍ ജനിച്ച് 55ാം വയസ്സില്‍ മരിച്ച മൗലാ ഇസ്മാഈലിനു പല ഭാര്യമാരിലായി 600 കുട്ടികളുണ്ടായിരുന്നു. അക്കഥ ശരിയാണെന്ന് ഗണിതശാസ്ത്ര സൂത്രവാക്യത്തിലൂടെ തെളിയിച്ചത് എലിസബത്ത് ഒബര്‍സാക്കറും കാരല്‍ ഗ്രാമറുമാണ്.ചുംബനം അലര്‍ജിയില്‍ നിന്നു മനുഷ്യരെ രക്ഷിക്കുമെന്നു കണ്ടുപിടിച്ചതിനു കിഴക്കന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍നിന്നുമുള്ള ശാസ്ത്രജ്ഞര്‍ സമ്മാനമടിച്ചെടുത്തു.
അപ്പന്‍ഡിസൈറ്റിസ് എത്ര ഗുരുതരമായിട്ടുണ്ടെന്നു ഒരാള്‍ ഹമ്പിനു മുകളിലൂടെ കാറോടിക്കുമ്പോള്‍ ഉള്ള വേദന നിരീക്ഷിച്ചു മനസ്സിലാക്കാമെന്നു തെളിയിച്ചതിനും എല്ലാ മൃഗങ്ങളും മൂത്രമൊഴിക്കുന്നതിനു ശരാശരി 21 സെക്കന്‍ഡ് മാത്രമേയെടുക്കൂ എന്നു കണ്ടുപിടിച്ചതിനും ഇഗ്‌നൊബേല്‍ സമ്മാനം ലഭിച്ചു. എല്ലാ ഭാഷകളിലും പൊതുവായി എന്ന ശബ്ദമുണ്ടെന്നു കണ്ടെത്തിയതിനാണു മൂന്നു ഗവേഷകര്‍ സാഹിത്യത്തിലുള്ള സമ്മാനം നേടിയത്.
വിചിത്രമായ ഗവേഷണത്തിനു സമ്മാനം നല്‍കുന്നത് അമേരിക്കയിലെ ആനല്‍സ് ഓഫ് ഇംപ്രോബള്‍ റിസര്‍ച്ച് എന്ന സംഘടനയാണ്. 1991 തൊട്ട് സംഘടന സമ്മാനം നല്‍കിവരുന്നു.