ബംഗളൂരു: നാടകീയമായ അന്ത്യം കുറിച്ച ഇന്ത്യ എ-ആസ്‌ത്രേലിയ എ തമ്മിലുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ആസ്‌ത്രേലിയയ്ക്ക് 98 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് 62 റണ്‍സിലായിരുന്ന ഇന്ത്യക്ക് ജയിക്കാന്‍ വെറും 199 റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ ഓസീസ് ബൗളര്‍മാരുടെ മാസ്മരിക പ്രകടനത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. അവസാന എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 101 റണ്‍സാണ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ഇടം കൈയ്യന്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ടിന്റെ 6 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്.
ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യ പരാജയം രുചിച്ചത്. ജയിക്കാന്‍ 262 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ അര്‍ധ സെഞ്ചുറി (80 റണ്‍സ്) നേടിയ മയങ്ക് അഗര്‍വാളിനെക്കൂടാതെ മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.
മല്‍സരത്തില്‍ ടോസ് നേടിയ കംഗാരുപ്പട ബാറ്റിങ് തിരഞ്ഞെടുത്ത് ആദ്യ ഇന്നിങ്‌സില്‍ ഇറങ്ങിയപ്പോള്‍ മുഹമ്മദ് സിറാജിന്റെ എട്ട് വിക്കറ്റ് പ്രകടനത്തില്‍ അവരെ 243 ല്‍ ഒതുക്കിയ ഇന്ത്യ എ അങ്കിത് ബാവ്‌നെയുടെ (91) തകര്‍പ്പന്‍ ബാറ്റിങ് പിന്‍ബലത്തില്‍ 247 റണ്‍സെടുത്ത് ലീഡ് സ്വന്തമാക്കി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഓസീസ് ട്രാവിസ് ഹെഡിന്റെ (87) മികച്ച ഫോമിലൂടെ 292 റണ്‍സെടുത്ത് ഇന്ത്യക്ക് 262 റണ്‍സിന്റെ വിജയലക്ഷ്യം നീട്ടി. തുടര്‍ന്ന് അനായാസ ജയം ആശ്വസിച്ച് രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യ വെറും 163 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.
262 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഇന്ത്യന്‍ അക്കൗണ്ടില്‍ റണ്‍സ് വീഴും മുമ്പ് അഭിമന്യൂ ഈശ്വരനെ പുറത്താക്കി ക്രിസ് ട്രെമെയിനാണ് ഇന്ത്യയെ ഞെട്ടിച്ചത്. തുടര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ 33 റണ്‍സെത്തുമ്പോഴേക്കും 28 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യറും മടങ്ങി.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അങ്കിത് ബാവ്‌നെയും മയങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ട് പോകവെ ആദ്യ ഇന്നിങ്‌സിലെ ഹീറോ ബാവ്‌നെയെ പുറത്താക്കി ഹോളണ്ട് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് എല്ലാം ചടങ്ങ് മാത്രമായിരുന്നു. വരുന്നതിലും വേഗത്തില്‍ ബാറ്റ്‌സ്മാന്മാര്‍ പവലിയനിലേക്ക് മടങ്ങാന്‍ തുടങ്ങി. സമര്‍ഥ് (0) ശ്രീകാര്‍ ഭാരത് (0) കൃഷ്ണപ്പ ഗൗതം( 0) കുല്‍ദീപ് യാദവ് ( 2) മുഹമ്മദ് സിറാജ് (8) അങ്കിത് രാജ്പുത് (0) എന്നിവര്‍ക്ക് രണ്ടക്കം കണ്ടെത്താനായില്ല. മറുവശത്ത് അഗര്‍വാള്‍ (80) ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ പുറത്താവുകയായിരുന്നു.