സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ വെടിക്കെട്ട്; വീണത് ലോക റെക്കോഡ്; നേടിയത് 349 റണ്‍സ്
ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ലോക റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ബറോഡ. സിക്കിമിനെതിരായ മത്സരത്തില്‍ ബറോഡ നേടിയത് ലോക റെക്കോഡ് നേട്ടമാണ്. 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 349 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡ അടിച്ചെടുത്തത്. ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ് ബറോഡ നേടിയിരിക്കുന്നത്. തുടക്കം മുതല്‍ ബറോഡ അടിച്ചുതകര്‍ത്തിരുന്നു. ക്രുണാല്‍ പാണ്ഡെയാണ് ബറോഡ ടീമിനെ നയിക്കുന്നത്. ട്വന്റി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമിന്റെ നായകനെന്ന ചരിത്ര നേട്ടത്തിലേക്കെത്താനും ക്രുണാലിനായി.
സിക്കിമിനെതിരേ കടന്നാക്രമിച്ച് കളിക്കുകയെന്നതായിരുന്നു ബറോഡയുടെ തന്ത്രം. ഇത് കൃത്യമായി നടപ്പാക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിച്ചു. ഓപ്പണര്‍മാരായ ശാശ്വത് റാവത്തും അഭിമന്യുസിങ് രജപുത്തുമാണ് ഇറങ്ങിയത്. രണ്ട് പേരും തുടക്കം മുതല്‍ കടന്നാക്രമിച്ചു. ശാശ്വത് 16 പന്തില്‍ നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെ 43 റണ്‍സെടുത്താണ് പുറത്തായത്. 268.75 സ്ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം. അഭിമന്യുസിങ് 17 പന്തില്‍ 53 റണ്‍സാണ് നേടിയത്. നാല് ഫോറും 5 സിക്സുമാണ് താരം നേടിയത്. 311ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 പന്തിലായിരുന്നു ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്.
ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തി മടങ്ങിയ ശേഷം ബറോഡയെ മുന്നോട്ട് കൊണ്ടുപോയത് ഭാനു പനിയയാണ്. തകര്‍പ്പന്‍ സെഞ്ചുറിയോടെ താരം പുറത്താവാതെ നിന്നു. 51 പന്തോടെ അഞ്ച് ഫോറും 15 സിക്സും ഉള്‍പ്പെടെയാണ് ഭാനു പനിയ പുറത്താവാതെ നിന്നത്. ശിവലിക് ശര്‍മ 17 പന്തില്‍ 55 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും 6 സിക്സും ഉള്‍പ്പെടെയാണ് അദ്ദേഹം മിന്നിച്ചത്. വിഷ്ണു സോളങ്കി 16 പന്തില്‍ 50 റണ്‍സും നേടി. രണ്ട് ഫോറും ആറ് സിക്സുമാണ് അദ്ദേഹം പറത്തിയത്. മഹേഷ് പിതിയ 8 റണ്‍സും നേടി.
നിലവില്‍ ഗ്രൂപ്പ് ബിയില്‍ ബറോഡ മൂന്നാം സ്ഥാനത്താണുള്ളത്. സൗരാഷ്ട്ര, ഗുജറാത്ത് ടീമുകളാണ് മിന്നും പ്രകടനത്തോടെ തലപ്പത്ത് നില്‍ക്കുന്നത്. മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18.4 ഓവറില്‍ സിക്കിം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയത്.