ഇംഗ്ലണ്ടിനെതിരായ പരമ്പര; ബുമ്രയ്ക്കും രോഹിത്തിനും കോഹ്‌ലിക്കും വിശ്രമം നല്‍കിയേക്കും
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരിയില്‍ പാകിസ്താനില്‍ തുടങ്ങുന്ന ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായാണ് ഇന്ത്യയുടെ ബൗളിങ് കുന്തമുനയായ ബുമ്രക്ക് വിശ്രമം അനുവദിക്കുന്നത്. ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോമിലായിരുന്നില്ല. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക. ഈ സാഹചര്യത്തില്‍ ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇരുവര്‍ക്കും വിശ്രമം അനുവദിച്ച് കെ എല്‍ രാഹുലിനെയോ ശുഭ്മാന്‍ ഗില്ലിനെയോ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നായകനാക്കുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്വന്റി-20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് തന്നെയാകും ഇന്ത്യയെ നയിക്കുക.
ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ജനുവരി 22 മുതല്‍ ഫെബ്രുവരി ഒമ്പത് വരെയാണ് പരമ്പര. 22ന് കൊല്‍ക്കത്തയില്‍ ട്വന്റി-20 മത്സരത്തോടെയാണ് പരമ്പര തുടങ്ങുക. ഫെബ്രുവരി ആറിന് നാഗ്പൂരിലാണ് ആദ്യ ഏകദിന മത്സരം. ഒമ്പതിന് കട്ടക്കില്‍ രണ്ടാം ഏകദിനവും 12ന് അഹമ്മദാബാദില്‍ മൂന്നാം ഏകദിനവും നടക്കും.
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരമെന്നതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ പരീക്ഷിക്കാനാകും സെലക്ടര്‍മാര്‍ ശ്രമിക്കുക. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഏകദിന ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കഴിയാതിരുന്നത് സഞ്ജുവിന് തിരിച്ചടിയാകും.