ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍; അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് അടക്കം നാല് പേര്‍ക്ക് അര്‍ധ സെഞ്ചുറികള്‍
വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കായി അരങ്ങേറിയ 19കാരന്‍ സാം കോണ്‍സ്റ്റാസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
മെല്‍ബണ്‍: അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ്. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ചുറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്താണ് താരം പുറത്തായത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്‌സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്.
മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. ഉസ്മാന്‍ ഖവാജ അര്‍ധ 121 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. മര്‍നസ് ലാബുഷെയ്ന്‍ 145 പന്തില്‍ 72 റണ്‍സെടുത്ത് കരുത്ത് കാട്ടി പുറത്തായി. ഹെഡ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. മാര്‍ഷ നാല് റണ്‍സെടുത്ത് മടങ്ങി. 68 റണ്‍സുമായി സ്മിത്തും 23 റണ്‍സുമായി കാരേയുമാണ് ക്രീസില്‍. ജസ്പ്രീത് ബുംറ മൂന്നും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
അതിനിടെ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കായി അരങ്ങേറിയ 19കാരന്‍ സാം കോണ്‍സ്റ്റാസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. കന്നി അന്താരാഷ്ട്ര പോരില്‍ അര്‍ധ സെഞ്ചുറിയടിച്ച കോണ്‍സ്റ്റാസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗ്രൗണ്ടില്‍ വാക്കു തര്‍ക്കത്തിനും കാരണക്കാരനായി. മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി കോണ്‍സ്റ്റാസ് തകര്‍പ്പന്‍ ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം. ബാറ്റിങിനിടെ കോണ്‍സ്റ്റാസ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് കോഹ്‌ലി എതിര്‍ ദിശയില്‍ നിന്നു വരുന്നു. ഇരുവരും തമ്മില്‍ കൂട്ടിയിടിച്ചു.
ഇതോടെ ഇക്കാര്യം കോണ്‍സ്റ്റാസ് ചോദ്യം ചെയ്തു. പരസ്പരം കൂട്ടിയിടിച്ചതു ശ്രദ്ധിക്കാതെ കോഹ്‌ലി നടന്നു പോയി. എന്നാല്‍ കോണ്‍സ്റ്റാസ് ഇക്കാര്യം ചോദ്യം ചെയ്തതോടെ താരത്തിനു സമീപം തിരിച്ചെത്തി കോഹ്‌ലി മറുപടി പറഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമായി. സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും അംപയറും ഇടപെട്ടാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.
ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ് കോഹ്‌ലിയെയാണ് വിഷയത്തില്‍ കുറ്റപ്പെടുത്തുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ഐസിസി ഇരുവര്‍ക്കും എതിരെ നടപടിയെടുക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി കോണ്‍സ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ മടങ്ങി.