ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗമേറിയ സെഞ്ചുറിയും അഭിഷേക് ശര്‍മ്മയുടെ പേരില്‍

Update: 2024-12-05 15:29 GMT


രാജ്‌കോട്ട്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തീപ്പൊരി ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. മേഘാലയയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഭിഷേകിന്റെ സെഞ്ചുറി പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞത് ലോക ക്രിക്കറ്റിലെ തന്നെ ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകളാണ്. വെറും 28 പന്തില്‍നിന്ന് സെഞ്ചുറിയിലെത്തിയ അഭിഷേക്, 29 പന്തില്‍ 106 റണ്‍സുമായി പുറത്താകാതെ നിന്നു.

ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റെക്കോര്‍ഡുകളാണ് അഭിഷേകിന്റെ പേരിലായത്.വെറും 28 പന്തില്‍ സെഞ്ചുറിയിലെത്തിയ അഭിഷേകിനു മുന്നിലുള്ളത്, ഈ വര്‍ഷം ജൂണില്‍ സൈപ്രസിനെതിരെ 27 പന്തില്‍ സെഞ്ചുറിയിലെത്തിയ എസ്‌തോണിയ താരം സഹില്‍ ചൗഹാന്‍ മാത്രമാണ്. ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലും കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.

മത്സരത്തിലാകെ 29 പന്തുകള്‍ നേരിട്ട അഭിഷേക്, അതില്‍ 19 പന്തും ബൗണ്ടറി കടത്തി. എട്ടു പന്തുകളില്‍ ഫോറും 11 പന്തുകളില്‍ സിക്‌സറുമാണ് പഞ്ചാബ് നായകന്‍ കൂടിയായ അഭിഷേക് കണ്ടെത്തിയത്. നാലു പന്തുകളില്‍ സിംഗിളും രണ്ടു പന്തുകളില്‍ ഡബിളും നേടി. നേരത്തെ, നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തിയ അഭിഷേക് ഓള്‍റൗണ്ട് പ്രകടനത്തിലൂടെയും കരുത്തുകാട്ടി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മേഘാലയ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. 31 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത അര്‍പിത് സുഭാസായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. ലാറി സാങ്മ (16 പന്തില്‍ 21), യോഗേഷ് തിവാരി (17 പന്തില്‍ 20), ജസ്‌കീറത് സിങ് (17 പന്തില്‍ 15), ഓപ്പണര്‍ ഏരിയന്‍ സാങ്മ (13 പന്തില്‍ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മത്സരത്തില്‍ മേഘാലയയ്ക്കെതിരെ പഞ്ചാബ് ഏഴു വിക്കറ്റിന്റെ വിജയം നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മേഘാലയ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 142 റണ്‍സ്. 10 ഓവറും 3 പന്തും ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഹര്‍നൂര്‍ സിങ് (ഏഴു പന്തില്‍ ആറ്), സലില്‍ അറോറ (രണ്ടു പന്തില്‍ ഒന്ന്), സൊഹ്റാബ് ധലിവാള്‍ (15 പന്തില്‍ 22) എന്നിവരാണ് പുറത്തായത്.


Tags:    

Similar News