ആദ്യ തോല്‍വിക്ക് തിരിച്ചടി; സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
സിക്‌സടി വീരന്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ചത്.
ഹരാരെ; അപ്രതീക്ഷിതമായേറ്റ തോല്‍വിയുടെ കണക്കു തീര്‍ത്തുകൊടുത്ത് സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ടീം ഇന്ത്യയുടെ അതിഗംഭീര തിരിച്ചുവരവ്. ട്വന്റി-20 ലോകകപ്പ് കളിക്കാന്‍ യോഗ്യത പോലും നേടാനാകാതിരുന്ന സിംബാബ്‌വെയോട് നിലവിലെ ലോകചാംപ്യന്‍മാര്‍ 13 റണ്‍സിനു തോറ്റതിന് പിറ്റേന്ന് വീണ്ടുമൊരു ഏറ്റുമുട്ടല്‍. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിട്ടും, ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യയ്ക്കു 100 റണ്‍സിന്റെ മിന്നും ജയം. ബെഞ്ചിലുള്ള താരങ്ങളുടേയും 'ഭാവി ടീമിന്റെയും' കരുത്ത് പരീക്ഷിക്കുക മാത്രമായിരുന്നു സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍നിന്ന് ബിസിസിഐ ഉദ്ദേശിച്ചിട്ടുണ്ടാകുക. ആദ്യ പരമ്പര കളിക്കാനിറങ്ങിയ ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ സിക്‌സടി വീരന്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍നിന്ന് നയിച്ചത്. അര്‍ധ സെഞ്ചറിയുമായി ഋതുരാജ് ഗെയ്ക്വാദും തകര്‍പ്പന്‍ കാമിയോ റോളുമായി റിങ്കു സിങ്ങും തിളങ്ങിയപ്പോള്‍ 235 റണ്‍സായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം. റണ്‍മലയ്ക്കു മുന്നില്‍ പകച്ചുനിന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ട്.
ഹരാരെയില്‍ നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട നാലാം പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് ശര്‍മയ്ക്ക് 'ക്ഷീണം മാറ്റിയെടുക്കലായിരുന്നു' രണ്ടാം മത്സരത്തിലെ പ്രകടനം. 47 പന്തില്‍ താരം അടിച്ചത് 100 റണ്‍സ്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ തകര്‍പ്പന്‍ സെഞ്ചറി നേടാന്‍ അഭിഷേക് ബൗണ്ടറി കടത്തിവിട്ടത് എട്ട് സിക്‌സുകളും ഏഴു ഫോറുകളും. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ചാണ് തുടങ്ങിയതെങ്കിലും ആദ്യ 30 പന്തുകളില്‍ 41 റണ്‍സ് മാത്രമായിരുന്നു അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്. പിന്നീടങ്ങോട്ട് ബൗണ്ടറികളുടെ പെരുമഴ തീര്‍ത്താണ് അഭിഷേക് അതിവേഗ സെഞ്ചറിയിലെത്തിയത്. 43 പന്തില്‍ 82 റണ്‍സെടുത്ത അഭിഷേക് അടുത്ത മൂന്നു പന്തുകള്‍ സിക്‌സര്‍ പറത്തി സെഞ്ചറി ഉറപ്പിച്ചു.
ട്വന്റി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത് വേഗമേറിയ സെഞ്ചറിയാണിത്. രോഹിത് ശര്‍മ 35 പന്തുകളിലും സൂര്യകുമാര്‍ യാദവ് 45 പന്തുകളിലും സെഞ്ചുറിയിലെത്തിയിട്ടുണ്ട്. അര്‍ധ സെഞ്ചറിയില്‍നിന്ന് 100 ലേക്കെത്താന്‍ 15 പന്തുകള്‍ മാത്രമായിരുന്നു അഭിഷേകിന് ആവശ്യമായി വന്നത്. ആദ്യ 11 ഓവറുകളില്‍ ഇന്ത്യ 100 കടന്നു. സ്‌കോര്‍ 147 ല്‍ നില്‍ക്കെ അഭിഷേകിനെ നഷ്ടമായെങ്കിലും ഋതുരാജ് ഗെയ്ക്വാദും റിങ്കു സിങ്ങും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 200 ഉം കടത്തി. അര്‍ധ സെഞ്ചറി നേടിയ ഋതുരാജ് 47 പന്തില്‍ നേടിയത് 77 റണ്‍സ്. 22 പന്തില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയ റിങ്കുസിങ് 48 റണ്‍സെടുത്തു.
235 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ആദ്യ പന്തു മുതല്‍ തന്നെ തകര്‍ത്തടിക്കണമെന്നു സിംബാബ്‌വെ താരങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഇന്ത്യയുടെ രണ്ടാം നിര ബോളര്‍മാര്‍ക്കെതിരെ പോലും അങ്ങനെയൊരു പ്രകടനത്തിനുള്ള ശേഷി ഇന്നത്തെ സിംബാബ്‌വെയ്ക്ക് ഉണ്ടായിരുന്നില്ല. വെസ്‌ലി മാഥവരെ (39 പന്തില്‍ 43), ലൂക് ജോങ്‌വെ (26 പന്തില്‍ 33), ബ്രയാന്‍ ബെന്നറ്റ് (ഒന്‍പതു പന്തില്‍ 26) എന്നിവര്‍ മാത്രമാണു മറുപടി ബാറ്റിങ്ങില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 18.4 ഓവറില്‍ 134 ന് സിംബാബ്‌വെ പുറത്തായി. ഇന്ത്യയ്ക്കായി പേസര്‍മാരായ മുകേഷ് കുമാറും ആവേശ് ഖാനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്പിന്നര്‍ രവി ബിഷ്‌ണോയി രണ്ടു വിക്കറ്റുകളും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
റണ്‍സ് അടിസ്ഥാനത്തില്‍ ട്വന്റി-20യില്‍ സിംബാബ്‌വെയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. 2018ല്‍ ഇതേ സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോടും സിംബാബ്‌വെ 100 റണ്‍സിനു തോറ്റിട്ടുണ്ട്. അടുത്ത മത്സരങ്ങളില്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ കൂടി പ്ലേയിങ് ഇലവനിലെത്തുന്നതോടെ, ആദ്യ മത്സരത്തിലേതുപോലെ ഒരു വിജയം നേടാന്‍ സിംബാബ്‌വെയ്ക്ക് കഠിനാധ്വാനം തന്നെ വേണ്ടിവരും. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് അനായാസം പരമ്പര സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമങ്ങള്‍.