ഹൈദരാബാദ്: രണ്ടാം ടെസ്റ്റിലും വിന്‍ഡീസിന്റെ പോരാട്ടം മൂന്നാം ദിനം അവസാനിച്ചു. ബാറ്റിങിലും ബൗളിങിലും ഇന്ത്യ മികച്ച പ്രകടനം തുടര്‍ന്നതോടെ ആതിഥേയര്‍ക്കെതിരേ സമനില പോലും സ്വന്തമാക്കാനാവാതെ വിന്‍ഡീസ് ചാമ്പലായി. ആറ് വിക്കറ്റ് പ്രകടനം പുറത്തെടുത്ത നായകന്‍ ജേസന്‍ ഹോള്‍ഡറിന്റെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മൂന്നാം ദിനവും വിന്‍ഡീസ് തീര്‍ത്തും പരാജയമായിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ ജയം പിടിച്ചെടുത്തതെങ്കില്‍ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന്റെ ജയവുമായാണ് ഇന്ത്യ സ്വന്തം നാട്ടില്‍ കരുത്ത് തെളിയിച്ചത്. ഇതോടെ രണ്ട് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റും ഉള്‍പ്പെടെ 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കളിയിലെ താരം.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 367 റണ്‍സില്‍ അവസാനിച്ചതോടെ 56 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ വിന്‍ഡീസിനെ ദയനീയമായ 127 റണ്‍സിനുള്ളില്‍ ഇന്ത്യ പുറത്താക്കി. ഇതോടെ വെറും 74 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കോഹ്‌ലിപ്പട 10 വിക്കറ്റ് ശേഷിക്കേ വിജയം അനായാസമാക്കുകയായിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിച്ച ലോകേഷ് രാഹുല്‍(33) ഇത്തവണ ഫോമിലാവുകയും പൃഥ്വി ഷാ(33) പതിവ് ഫോം തുടരുകയും ചെയ്തതോടെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിലും ജയം തുടര്‍ന്നു.
മൂന്നാം ദിനം നാലിന് 304 എന്ന റണ്‍സില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, ആറു വിക്കറ്റും 63 റണ്‍സെടുക്കുന്നതിനിടെ വീണ ദുരന്തമാണ് അഭിമുഖീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം ദിനം ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ചു വിക്കറ്റുകളാണ് വിന്‍ഡീസ് ടീം പിഴുതത്. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറി പാഴായ പന്തിന് ഇവിടെയും ഹതഭാഗ്യം പിടിവിടാതെ പിന്തു
ടര്‍ന്നു. താരത്തിന്റെ പ്രകടനം സെഞ്ച്വറിക്കരികെ എട്ടു റണ്‍സിനിപ്പുറം അവസാനിച്ചു. ഇന്ത്യക്ക് അടിത്തറ പാകിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ രഹാനെയായിരുന്നു (80) ആദ്യം പുറത്തായത്. തുടര്‍ന്ന് സെഞ്ച്വറിക്ക് വേണ്ടി നിലയുറപ്പിച്ച പന്തിനെ (92) ഷാനോണ്‍ ഗബ്രിയേല്‍ ഹിറ്റ്‌മെയറിന്റെ കൈകളിലെത്തിച്ചു. പിന്നീട് വന്നവര്‍ ഇടവേളകളില്‍ പവലിയനിലേക്ക് അധികം റണ്‍സെടുക്കാനാവാതെ മടങ്ങി. രവീന്ദ്ര ജഡേജ (പൂജ്യം), കുല്‍ദീപ് യാദവ് (6), ഉമേഷ് യാദവ് (2) എന്നിവരാണ് നിരാശ നല്‍കിയത്. അവസാന വിക്കറ്റില്‍ അശ്വിന്‍(35)-ശാര്‍ദൂല്‍ താക്കൂര്‍(4) സഖ്യം കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്.
വിന്‍ഡീസിനായി ഷാനോന്‍ ഗബ്രിയേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വിന്‍ഡീസ് ബോളറാണ് ഹോള്‍ഡര്‍. മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റില്‍ ഏഴാം തവണയാണ് ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് പ്രകടനം പിന്നിടുന്നത്.
മികച്ച റണ്‍സെടുക്കാനൊരുങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍ഡീസിനെ
ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ചേര്‍ന്ന് പറഞ്ഞയക്കുന്നതാണ് കണ്ടത്. ഇരുവരും വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരെ വട്ടം കറക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സെടുത്ത് അവര്‍ പോരാട്ടം അടിയറവച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ആദ്യ ഇന്നിങ്‌സിലെ നായകന്‍ ക്രെയ്ഗ്ബ്രാത്‌വെയ്റ്റിനെ പന്തിന്റെ കൈയില്‍ എത്തിച്ചുകൊണ്ട് ഉമേഷ് യാദവാണ് പതനത്തിന് തുടക്കമിട്ടത്. പിന്നീട് പവലിയനിലേക്കുള്ള ഘോഷയാത്രമാണ് ഗ്യാലറിയിലിരിക്കുന്ന ആരാധകര്‍ കണ്ടത്. ഇതില്‍ സുനില്‍ അംബ്രിസും(38) ഷായ് ഹോപും(28) മാത്രമാണ് തമ്മില്‍ ഭേദമെന്ന പ്രകടനം പുറത്തെടുത്തത്. ഒടുവില്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് ഗബ്രിയേല്‍ ജീസസിന്റെ(1) രണ്ടു കുറ്റിയും വായുവില്‍ പറത്തിയതോടെ വിന്‍ഡീസ് ദഹനം പൂര്‍ത്തിയായി. ഇന്ത്യക്ക് വേണ്ടി ഉമേഷ യാദവ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജഡേജ മൂന്നും അശ്വിന്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും പിഴുതു. ഇനി വിന്‍ഡീസിന് ഏകദിനം പിടിച്ച് നാണക്കേട് മറക്കാനായി ഒരുങ്ങാം. അഞ്ചു മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയിലാണ് ആരംഭിക്കുന്നത്.