സുല്‍ത്താന്‍ ജോഹര്‍ കപ്പ്: ഇന്ത്യ ഫൈനലില്‍

Update: 2018-10-10 18:45 GMT

ജോഹര്‍ ബഹ്രു: അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇന്ത്യ ഫൈനലില്‍. നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ മുട്ടുകുത്തിച്ചത്.
മല്‍സരത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഗോള്‍ മഴ വര്‍ഷിച്ചതോടെ ഇന്ത്യന്‍ വിജയം അനായാസമാവുകയായിരുന്നു. ആദ്യ 15 മിനിറ്റിനുള്ളില്‍ ഇന്ത്യക്ക് വേണ്ടി ഗുര്‍സാഹിബ്ജിത്തും (5) ഹസ്പ്രീതും (11) മന്‍ദീപും(14) വിഷ്ണുകാന്തും (15) ഗോള്‍ നേടിയപ്പോള്‍ 43ാം മിനിറ്റില്‍ ശിലാനന്ദ് ലാക്രയുടെ വകയാണ് അഞ്ചാം ഗോള്‍ പിറന്നത്.
സ്റ്റീഫന്‍സിന്റെ (1,35,59,60) നാലു ഗോള്‍ നേട്ടമാണ് ആസ്‌ത്രേലിയയെ പൊരുതാവുന്ന സ്ഥിതിയിലേക്കെത്തിച്ചത്. ഇതോടെ നാല് മല്‍സരങ്ങളില്‍ നാലും ജയിച്ച ഇന്ത്യ 12 പോയിന്റുമായി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. നിലവില റണ്ണേഴ്‌സ് അപ്പായ ബ്രിട്ടനെതിരേ നാളെ നടക്കുന്ന അവസാന മല്‍സരത്തില്‍ പരാജയപ്പെട്ടാലും ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാം. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ മൂന്ന് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആറു പോയിന്റുമാത്രമുള്ളതിനാല്‍ ഇനിയുള്ള രണ്ട് മല്‍സരങ്ങള്‍ ജയിച്ചാലും ഒന്നാമതുള്ള ഇന്ത്യയെ മറികടക്കാന്‍ കഴിയില്ല. ആദ്യ സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ക്കാണ് ഫൈനലില്‍ മാറ്റുരയ്ക്കാനാവുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മലേസ്യയെയും (2-1) ന്യൂസിലന്‍ഡിനെയും (7-1) ജപ്പാനെയും (1-0) പരാജയപ്പെടുത്തിയിരുന്നു.
Tags:    

Similar News