കുക്കില്‍ പൊരിഞ്ഞ് ഇന്ത്യ; അതോടെ ഇന്ത്യക്ക് റൂട്ടും തെറ്റി

Update: 2018-09-10 17:58 GMT


ലണ്ടന്‍:വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ച്വറി കണ്ടെത്തി ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കിയ അലിസ്റ്റര്‍ കുക്കിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യന്‍ ജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റു. താരത്തിന്റെ 147 റണ്‍സ് മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 423 റണ്‍സ് എന്ന മികച്ച നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്ക് 464 എന്ന കൂറ്റന്‍ ലീഡ് നല്‍കി. നായകന്‍ ജോ റൂട്ടും (125) ഇന്ത്യന്‍ 'കുക്കിങ'ിന് ആക്കം കൂട്ടി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ പടുകുഴിയില്‍ വീണ അവസ്ഥയാണ്. രണ്ടാം ഇന്നിങ്‌സില്‍ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 58 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ കെ എല്‍ രാഹുലും (46*)അജിന്‍ക്യ രഹാനെയും (10*) ചേര്‍ന്ന് രക്ഷിക്കുകയാണ്. ഇതിനു മുന്‍പ് 1902ല്‍ ഇംഗ്ലണ്ട് ആസ്‌തേലിയയ്‌ക്കെതിരെ പിന്തുടര്‍ന്നു ജയിച്ച 263 റണ്‍സാണ് ഓവലിലെ റണ്‍സ് പിന്തുടര്‍ന്നുള്ള വലിയ ജയം.
ശിഖര്‍ ധവാന്‍(1), ചേതേശ്വര്‍ പൂജാര(0),വിരാട് കോഹ്‌ലി(0) എന്നിവരാണ് വന്നപാടെ മടങ്ങിയത്. ധവാനെയും പൂജാരയേയും ആന്‍ഡേഴ്‌സനും നേരിട്ട ആദ്യ പന്തില്‍ തന്നെ കോലിയെ ബ്രോഡുമാണ് പുറത്താക്കിയത്. ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് ജയിക്കാന്‍ 407 റണ്‍സ് കൂടി കണ്ടെത്തണം.

നാലാം ദിനം രണ്ടിന് 88 എന്ന നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അലിസ്റ്റര്‍ കുക്കിന്റെയും ജോ റൂട്ടിന്റെയും ബാറ്റിങാണ് തുണയായത്. മൂന്നാം വിക്കറ്റില്‍ കുക്ക്-ജോ റൂട്ട് സഖ്യം 259 റണ്‍സാണ് ചേര്‍ത്തത്. ഇരുവരെയും ഹനുമ വിഹാരിയാണ് പുറത്താക്കിയത്. നാലാം ദിനം ഇഷാന്തിന് പരിക്കു മൂലം ബൗള്‍ ചെയ്യാനാകാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ജഡേജയും വിഹാരിയും രണ്ട് വീതവും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
Tags:    

Similar News