തുടര്‍ച്ചയായ മൂന്നാം തവണയും കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് സെഞ്ച്വറി; എന്നിട്ടും ഇന്ത്യക്ക് പരാജയം

Update: 2018-10-27 19:20 GMT

പൂനെ: ഇന്ത്യന്‍ വീരഗാഥയെ പഴങ്കഥയാക്കി വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കി. നായകന്‍ വിരാട് കോഹ്‌ലി(119) തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും സെഞ്ച്വറി നേടിയിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല. കോഹ്‌ലിക്ക് പുറമേ മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് 43 റണ്‍സിന്റെ പരാജയം സമ്മാനിച്ചത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ ചെറുത്തു നില്‍പ് 47.4 ഓവറില്‍ 240ല്‍ അവസാനിച്ചു. ജയത്തോടൈ മല്‍സരം 1-1 സമനിലയായി.
ടോസ് ലഭിച്ച ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായ് ഹോപിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ (95) കരുത്തിലാണ് വെസ്റ്റിന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് അടിച്ചെടുത്തത്. 113 പന്തുകള്‍ നേരിട്ട ഹോപിന്റെ ഇന്നിങ്‌സില്‍ മൂന്ന് സിക്‌സറുകളും ആറു ഫോറുകളും ഉള്‍പ്പെടുന്നു. ഷിംറോന്‍ ഹെറ്റ്‌മെയര്‍(37), നായകന്‍ ജാസന്‍ ഹോള്‍ഡര്‍ (32), ആഷ്‌ലി നഴ്‌സ് (40) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങും വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ 35 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദുമാണ് വിന്‍ഡീസിന്റെ യുവരക്തത്തിന്റെ ചൂട് കൂടുതലറിഞ്ഞത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രോഹിത് ശര്‍മയുടെ (8) വിക്കറ്റ് നഷ്ടമായി. വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡറുടെ പന്ത് ബാറ്റിലുരസി സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശിഖര്‍ ധവാനുമൊത്ത് കോഹ്്‌ലി സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരിക്കെ ആഷ്‌ലി നഴ്‌സ് ധവാനെ (35) വിക്കറ്റിനു മുന്നില്‍ കുടുക്കി. റായിഡു (22) ഔട്ടായി റിഷഭ് പന്ത് വന്നതോടെ റണ്‍ റേറ്റ് ആറിലേക്ക് ഉയര്‍ന്നു. താരം പുറത്തായ ശേഷം കോഹ്‌ലി ക്രീസില്‍ നിന്ന് നയിച്ചു. കോഹ്‌ലിയിലൂടെ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യ വീണ്ടും തകരുകയായിരുന്നു. 119 പന്തില്‍ പത്ത് ബൗണ്ടറികളും ഒരുസിക്‌സറുമടക്കം 107 റണ്‍സ് നേടിയതിന്‌ശേഷമാണ് കോഹ്‌ലി പുറത്തായത്.
Tags:    

Similar News