മൂന്ന് ഫോര്‍മാറ്റിലും അസാമാന്യ പ്രകടനം നടത്തിയ ഇന്ത്യ വിന്‍ഡീസിനെ വൈറ്റ്‌വാഷ് ചെയ്യാനാണ് ഇന്ന് സ്വന്തം തട്ടകത്തിറങ്ങുന്നത്. നായകന്‍ വിരാട് കോഹ്‌ലിയുടെയും കൗമാര താരം പൃഥ്വി ഷായുടെയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ടീം മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു.
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ 18കാരന്‍ പൃഥ്വി ഷാ വീണ്ടും കരുത്ത് തെളിയിക്കാനിറങ്ങുന്നതോടെ അല്‍പം പേടിയോടെയാവും വിന്‍ഡീസ് ബൗളര്‍മാര്‍ താരത്തിന് നേര്‍ക്ക് പന്തെറിയുക. ആദ്യ ടെസ്റ്റില്‍ 134 റണ്‍സ് കണ്ടെത്തിയതോടെ അരങ്ങേറ്റ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയവരുടെ ഇന്ത്യന്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ഈ മുംബൈ താരത്തിനായിട്ടുണ്ട്.
ടീമില്‍ മാറ്റമുണ്ടാവുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒട്ടും മാറ്റമില്ലാതെയാണ് ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റിനും ഇറങ്ങുക. ലിസ്റ്റ് എ ക്രിക്കറ്റില്‍ അപാര ഫോമിലായിരുന്ന മായങ്ക് അഗര്‍വാളിനെ അരങ്ങേറ്റത്തിനായി ടീമിലെടുത്തെങ്കിലും രണ്ടാം ടെസ്റ്റിനുള്ള അവസാന 12 അംഗങ്ങളില്‍ താരം ഉള്‍പ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷാര്‍ദുല്‍ താക്കൂര്‍ 12ാമനായി എത്തുന്ന ടീമിനെയാണ് ഇന്ത്യന്‍ സിലക്ടര്‍മാര്‍ രണ്ടാം ടെസ്റ്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ മല്‍സരത്തില്‍ സംപൂജ്യനായി മടങ്ങിയ കെ എല്‍ രാഹുല്‍, ഇംഗ്ലണ്ട് പര്യടനത്തിലെന്ന പോലെ ഇന്നത്തെ മല്‍സരത്തിലും മികച്ച കളി പുറത്തെടുക്കുമെന്ന വിശ്വാസത്തില്‍ താരത്തെയും ടീം ആദ്യ 12ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുലും പൃഥ്വി ഷായും ഓപണറായി ഇറങ്ങുമ്പോള്‍ അജിന്‍ക്യ രഹാനെ മധ്യ ഓവറില്‍ ഇറങ്ങുമെന്നാണ് കണക്കു കൂട്ടല്‍.
ആദ്യ മല്‍സരത്തില്‍ അഞ്ച് വിക്കറ്റുമായി വിന്‍ഡീസ് നിരയെ പടുകുഴിയിലേക്ക് തള്ളിവിട്ട കുല്‍ദീപ് യാദവ് ഒരിക്കല്‍ കൂടി സന്ദര്‍ശകരെ തുരത്തുമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ പകരക്കാരനായി ടീമിലെത്തിയ രവീന്ദ്ര ജഡേജയും ഒട്ടും പിറകോട്ടായില്ല. ആദ്യം ബാറ്റിങിലും തുടര്‍ന്ന് ബൗളിങിലും ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച താരത്തിലും ഇന്ത്യന്‍ ടീം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം രവിചന്ദ്ര അശ്വിന്‍ കൂടി രണ്ടാം ടെസ്റ്റിനിറങ്ങുന്നതോടെ ആദ്യ മല്‍സരത്തിലെന്ന പോലെ സ്പിന്‍കെണി കൊണ്ട് വിന്‍ഡീസിനെ വീഴ്ത്താന്‍ ഇന്ത്യ പ്രബലര്‍.
ടെസ്റ്റ് റാങ്കിങില്‍ എട്ടാ സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് ഉചിതമെന്ന് തോന്നിക്കുന്ന ചില മാറ്റങ്ങളോടെയാവും ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയെ നേരിടുന്നത്. വിന്‍ഡീസിന്റെ മുമ്പുള്ള ടെസ്റ്റുകളില്‍ ടീമിന് വിജയം സമ്മാനിച്ച കെമര്‍ റോച്ചിന്റെ വരവാണ് ടീമിന് അനുകൂലമായി നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരേയും പാകിസ്താനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും വെന്നിക്കൊടി നാട്ടി മികച്ച ഫോം തുടര്‍ന്ന വിന്‍ഡീസിന് അടിത്തറ പാകിയത് ഈ ഫാസ്റ്റ് ബൗളറും കൂടി ചേര്‍ന്നാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ റോസ്റ്റന്‍ ചേസിന്റെയും കീമോ പോളിന്റെയും കീറന്‍ പവലിന്റെയും പ്രകടനം എടുത്തുപറയേണ്ടതുണ്ട്.ഇവരുടെ ബാറ്റിങ് പിന്‍ബലത്തിലാണ് വിന്‍ഡീസ് ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും നൂറ് ടന്നത്.
കാല്‍മുട്ടിനേറ്റ പരിക്കോടെ ആദ്യ ടെസ്റ്റില്‍ നിന്നും മാറിനിന്ന വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് വിന്‍ഡീസ് ടീം പുറത്തു വിടുന്ന സൂചന. അതേസമയം, രണ്ട് ഫാസ്റ്റ് ബൗളര്‍ കൂടി ടീമിലെത്തുന്നതോടെ രണ്ട് വിന്‍ഡീസ് താരങ്ങള്‍ പുറത്തിരിക്കേണ്ടി വരും. ഇതില്‍ ആദ്യ ടെസ്റ്റില്‍ ഫോം കെണ്ടത്താതിരുന്ന ഗബ്രിയേല്‍ ജീസസാണ് ഒന്നാമന്‍. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ മാത്രമേ ഉണ്ടാവുകയുള്ളൂ.