മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിന മല്‍സരത്തില്‍ പ്രകോപനപരമായി പെരുമാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദിനെതിരേ ഐസിസിയുടെ താക്കീത്. ഐസിസിയുടെ മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് താരത്തിന് താക്കീത് നല്‍കിയത്. ഇതോടെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് വിധിക്കുകയും ചെയ്തു.
മല്‍സരത്തിലെ 14ാം ഓവറിലായിരുന്നു താക്കീതിന് ആധാരമായ സംഭവം. ഈ ഓവറില്‍ വിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സിനെ സ്ലിപ്പില്‍ നിന്നിരുന്ന രോഹിതിന്റെ കൈകളിലെത്തിച്ചതോടെ താരം അതിരു കടന്ന ആഹ്ലാദ പ്രകടനം നടത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട ഫീല്‍ഡ് അംപയര്‍മാരായ ഇയാന്‍ ഗോള്‍ഡും അനില്‍ ചൗധരിയും ആ സമയത്ത് തന്നെ താരത്തിന് താക്കീത് നല്‍കിയിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഖലീല്‍ അഹമ്മദിന്റെ മികവും നിര്‍ണായകമായിരുന്നു. അഞ്ചോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഖലീല്‍ ഈ മല്‍സരത്തിലെ അവിഭാജ്യ താരമായത്.