ചാങ്‌വോണ്‍ (ദക്ഷിണ കൊറിയ): ഏഷ്യന്‍ ഗെയിംസിന് പിന്നാലെ തുടങ്ങിയ ഐഎസ്എസ്എഫ് ലോകഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ 23കാരന്‍ ഓം പ്രകാശ് മിതര്‍വലിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പില്‍ 50 മീറ്റര്‍ പിസ്റ്റളിലാണ് താരം സ്വര്‍ണം വെടിവച്ചിട്ടത്. 564 പോയിന്റോടെയാണ് താരത്തിന്റെ സ്വര്‍ണനേട്ടം. ഈ ഇനത്തില്‍ സെര്‍ബിയയുടെ ദാമിര്‍ മിക്കെച്ച് (562) വെളളിയും ആതിഥേയ താരം ദെയ്മുങ് ലി(560) വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജിത്തു റായിക്ക് 17ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 552 പോയിന്റാണ് താരത്തിന്റെ സമ്പാദ്യം. ഈ ലോകകപ്പ് ടോക്കിയോ ഒളിംപിക്‌സിലേക്കുള്ള യോഗ്യത നല്‍കുമെങ്കിലും 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഒളിംപിക്‌സില്‍ ഒരു മല്‍സര ഇനം അല്ലാത്തതിനാല്‍ താരത്തിന് മല്‍സരിക്കാനാവില്ല. ഇന്നലെ ഒരു വെങ്കലവും ഇന്ത്യന്‍ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തില്‍ സൗരഭ് ചൗധരി-അഭിധന്യ അശോക് പാട്ടില്‍ ജോടിയാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. 407.3 പോയിന്റാണ് ഇവര്‍ സ്വന്തമാക്കിയത്. ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും കൊറിയയ്ക്കാണ്. കഴിഞ്ഞ ആഴ്ച അവസാനിച്ച ഏഷ്യന്‍ ഗെയിംസില്‍ സൗരഭ് ചൗധരി സ്വര്‍ണ മെഡല്‍ നേടിയിരുന്നു. തിങ്കളഴ്ച ഇന്ത്യന്‍ വനിതാ ഷൂട്ടര്‍മാരായ അപൂല്‍വി ചന്ദേലയും അഞ്ജും മൗഡ്ഗിലും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങള്‍ നേടി ടോക്കിയോയിലേക്കുള്ള യോഗ്യതാ ടിക്കറ്റ് നേടിയിരുന്നു.