ഷാങ്‌വോണ്‍ (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനവും ഇന്ത്യന്‍ സ്വര്‍ണവേട്ട. ഇന്ത്യയുടെ 16കാരന്‍ വിജയ്‌വീര്‍ സിദ്ദുവിന്റെയും താരമടങ്ങിയ ടീമിന്റെയും സ്വര്‍ണനേട്ടത്തോടെ മൂന്നാം സ്ഥാനവുമായാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ ദക്ഷിണ കൊറിയ വിട്ടത്. അര്‍ജുന അവാര്‍ഡ് ജേതാവ് ഗുര്‍പ്രീത് സിങിലൂടെ ഇന്നലെ ഇന്ത്യ വെള്ളിയും നേടി. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ജൂനിയര്‍ പുരുഷ വിഭാഗത്തിലാണ് 572 പോയിന്റുകളോടെ വിജയ്‌വീര്‍ സ്വര്‍ണം നേടിയത്. കൊറിയയുടെ ലീ ഗണ്‍ഹെയോക്കിനേയും (570) ചൈനയുടെ ഹോജി സൂവിനേയും(565) മറികടന്നാണ് വിജയ്‌വീര്‍ സ്വര്‍ണം കരസ്ഥമാക്കിയത്.ഈ വിഭാഗത്തിന്റെ ടീം ഇനത്തില്‍ രാജ് കന്‍വാര്‍ സിങ് സന്ധു, ആദര്‍ശ് സിങ് എന്നിവരോടൊപ്പമാണ് വിജയ് വീര്‍ ഇന്നലെ തന്റെ രണ്ടാം സ്വര്‍ണവും ഇന്ത്യക്ക് സമ്മാനിച്ചത്. 1695 പോയിന്റുകളോടെയാണ് ടീം ഇനത്തില്‍ ഇവര്‍ സ്വര്‍ണമെഡല്‍ നേടിയത്. കൊറിയയും ചെക് റിപബ്ലിക്കുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.പുരുഷന്‍മാരുടെ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ സീനിയര്‍ വിഭാഗത്തിലാണ് ഗുര്‍പ്രീത് സിങ് വെള്ളി നേടിയത്. മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്് സ്വര്‍ണമെഡല്‍ ജേതാവായ താരം 579 പോയിന്റ് നേടിയപ്പോള്‍ 581 പോയിന്റുകളുമായി ഉക്രെയ്‌ന്റെ പാവ്‌ലോ കോറിസ്റ്റിലോവ് സ്വര്‍ണം വെടിവച്ചിട്ടു.