ഇസ്താംബുള്‍ : കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. ഇസ്താംബുളിലെ സൗദി കോണ്‍സുല്‍ ജനറലിന്റെ വസതിയിലെ പൂന്തോട്ടത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് സ്‌കൈന്യൂസ് റിപോര്‍ട്ട് ചെയ്തു. വെട്ടിമുറിക്കപ്പെട്ടനിലയിലുള്ള മൃതദേഹത്തിന്റെ മുഖം വികൃതമാക്കപ്പെട്ടതായാണ് റിപോര്‍ട്ട്.
ഒക്ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് ഖഷഗ്ജിയെ കാണാതായത്. കാണാതായ വിവരം പുറത്തുവന്നപ്പോള്‍ അദ്ദേഹം കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ചുപോയെന്നായിരുന്നു സൗദിയുടെ ആദ്യ അവകാശവാദം.എന്നാല്‍ പിന്നീട് ഖഷഗ്ജി ഇസ്താംബുളിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ വച്ചു മല്‍പ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു സൗദി സമ്മതിക്കുകയുണ്ടായി.
ഇതിന് മുന്‍പു തന്നെ, ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ രണ്ടുപേര്‍ ചേര്‍ന്ന് കോണ്‍സല്‍ ജനറലിന്റെ ഓഫിസില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നും മൃതദേഹം വെട്ടിനുറുക്കി കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയതായും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ മിഡിലീസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തിരുന്നു.