ഭക്തജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് അപമാനം: കെ. ബാബു

Update: 2018-10-24 10:40 GMT


തിരുവനന്തപുരം : ഭക്തജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി മലയാളികള്‍ക്ക് അപമാനമാണെന്ന് മുന്‍ മന്ത്രി കെ. ബാബു പറഞ്ഞു. മതവിശ്വാസം ജനാധിപത്യത്തിന്റെ ഭാഗവും വ്യക്തിപരവുമാണ്. മതത്തിന്റെ ആചാരപരവും വിശ്വാസാധിഷ്ഠിതവുമായ കാര്യങ്ങളില്‍ ഭക്തജനങ്ങളെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നത്. ക്ഷേത്രവിശ്വാസങ്ങങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഭക്തജനങ്ങള്‍ വിശ്വസിക്കുന്നത് മുഖ്യമന്ത്രിയെയല്ല തന്ത്രിയെ തന്നെയാണ് എന്ന ലളിതസത്യം വിസ്മരിച്ചുകൊണ്ട് തന്ത്രിയെയും ക്ഷേത്ര ആചാരങ്ങളെയും വിശ്വാസങ്ങളെയും പൊതുജന മധ്യത്തില്‍ അവഹേളിക്കുന്ന മുഖ്യമന്ത്രി ഭക്തജനങ്ങളെ ഒന്നാകെയാണ് വെല്ലുവിളിക്കുന്നത്.
ക്ഷേത്രത്തിലെ ആചാരഅനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന് ഉറപ്പായാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ ഭരണാധികാരികളെ ഏല്പിച്ച് പടിയിറങ്ങാനുള്ള ബാധ്യത തന്ത്രിക്കും ശാന്തിമാര്‍ക്കും ഉണ്ട്. ക്ഷേത്രത്തിന്റെ താക്കോല്‍ ഭക്തജനങ്ങളുടെ വിശ്വാസത്തിലാണ് തന്ത്രി കെട്ടിയിരിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി തെറ്റിദ്ധരിക്കുന്ന രീതിയില്‍ ഉടുമുണ്ടിന്റെ കോന്തലയിലല്ല. ദൈവത്തിലും ക്ഷേത്ര ആചാരഅനുഷ്ഠാനങ്ങളിലും വിശ്വാസമില്ല എന്ന് മാത്രമല്ല അവയെല്ലാം ഈ ഭൂമിയില്‍ എന്നെന്നേയ്ക്കുമായി ഇല്ലാതെയാകണം എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി തനിക്ക് വിശ്വാസവും അനുഭവവുമില്ലാത്ത മേഖലകളെക്കുറിച്ച് മൗനം പാലിക്കുന്നതാണ് ഉചിതം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോട് ചോദിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കും. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം സ്ഥാപിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച് ഹിന്ദുധര്‍മ്മ പരിപാലനം നടത്തുന്നതിനാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ആ പ്രസിഡണ്ടില്‍ അദ്ദേഹത്തെ നിയമിച്ച മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒന്നുകില്‍ പ്രസിഡണ്ട് പദവി അല്ലെങ്കില്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കണമെന്ന് കെ.ബാബു ആവശ്യപ്പെട്ടു.

Similar News