സര്‍ക്കാര്‍ യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമെന്ന് മന്ത്രി കടകംപള്ളി

Update: 2018-10-17 09:17 GMT


തിരുവനന്തപുരം : സര്‍ക്കാര്‍ യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യഥാര്‍ഥ തീര്‍ഥാടകര്‍ക്ക് സുഗമായി ദര്‍ശനത്തിനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രിം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്.
സര്‍ക്കാരിന്റെ മുന്നിലുള്ളത് നിലവിലുള്ള സുപ്രിം കോടതി വിധിയാണ്. ഇത് നടപ്പാക്കാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ല. കഴിഞ്ഞ വ്യാഴവട്ടമായി ഈ കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കേസ് കൊടുത്തവരേയും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരണം. 'സംഘ പരിവാറുമായി ബന്ധമുള്ളവരും നേതാക്കളുമാണ് സുപ്രിം കോടതിയില്‍ കേസ് കൊടുത്തത്. ഈ വിധിക്ക് കാരണം അവരാണ്. ഇത് മറച്ചു വച്ച് വിശ്വാസികളെ തെറ്റിധരിപ്പിക്കുകയാണ് ചിലര്‍. എന്തുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും കക്ഷി ചേര്‍ന്നില്ല?
ഹൈന്ദവ മതത്തെ പറ്റി അവഗാഹം ഉള്ളവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ ധാര്‍മികത ബിജെപിക്കുണ്ടോ ? തങ്ങളുടെ ആളുകളെ കൊണ്ട് കേസ് കോടുത്ത ശേഷം
ഇപ്പോള്‍ സമരം ചെയ്യുകയാണവര്‍. നാട്ടില്‍ അശാന്തി വിതക്കുകയാണ് ആര്‍ എസ് എസ്സും ബിജെപിയും. മാധ്യമ പ്രവര്‍ത്തകരെ പോലും പ്രാകൃതമായി ആക്രമിക്കൂകയാണ്. എന്തുകൊണ്ട് മാധ്യമങ്ങള്‍ പ്രതികരിക്കുന്നില്ല.?
ശബരിമലയിലെ സമാധാനം തകര്‍ക്കാന്‍ ഒരാളെ പോലും അനുവദിക്കില്ല. യഥാര്‍ഥ തീര്‍ഥാടകര്‍ക്ക് സുഗമായി ദര്‍ശനത്തിനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. സര്‍ക്കാരിന്റേത് അനുരഞ്ജനത്തിന്റേതാണ്. ഇത് യഥാര്‍ഥ വിശ്വാസികള്‍ മനസിലാക്കും.
ഇവിടെ ബഹളം ഉണ്ടാക്കുന്ന ആര്‍എസ്എസ് -ബിജെപിക്കാര്‍ എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകള്‍ക്കായി തുറന്ന് നല്‍കിയപ്പോള്‍ എവിടെ പോയി. ഇവടെയാണ് ബിജെപി തട്ടിപ്പ് .
ഇത് യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയും. അവര്‍ ബിജെപിക്കാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫീസര്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Similar News