ഡി പി വേള്‍ഡും കേരള സര്‍ക്കാരും തമ്മില്‍ നിരവധി കരാറുകളിലേക്ക്

Update: 2018-10-21 12:36 GMT
ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം അവസാന ദിവസത്തിലേക്ക് കടക്കവേ ലോകത്തിലെ തന്നെ പ്രമുഖ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡി പി വേള്‍ഡുമായി നടന്ന സംഭാഷണത്തില്‍ ഐതിഹാസികമായ നിരവധി ഉഭയകക്ഷി കരാറുകള്‍ക്ക് രൂപം നല്‍കാന്‍ ആലോചന. ഇന്ന് രാവിലെ ദുബൈയില്‍ ഡി പി വേള്‍ഡിന്റെ ഹെഡ് ഓഫീസില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി പി വേള്‍ഡിന്റെ ഉന്നത മാനേജ്‌മെന്റ് ആധികാരികമായ രീതിയില്‍ സ്വീകരിക്കുകയും പുതിയ കരാറുകള്‍ക്ക് രൂപം നല്‍കുമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.



കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് ഒരു ലോജിസ്റ്റിക്‌സ് പാര്‍ക്ക് വികസിപ്പിച്ചെടുക്കാന്‍ ഡി പി വേള്‍ഡ് താല്‍പര്യമറിയിച്ചു. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ആത്മവിശ്വാസത്തോടുകൂടിയ പുതിയ സംരംഭത്തിന് ഡി പി വേള്‍ഡ് തുനിയുന്നത്. ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍കിനു വേണ്ട സ്ഥലം തിരഞ്ഞെടുത്തു നല്‍കാമെന്ന് മുഖ്യമന്ത്രിയും ഡി പി വേള്‍ഡിന് ഉറപ്പുനല്‍കി. ഈ സംരംഭം കേരള സര്‍ക്കാറും യു എ ഇയും തമ്മിലുള്ള സര്‍ക്കാര്‍ തലത്തിലെ ഒരു ഉഭയകക്ഷി സംരംഭമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി പി വേള്‍ഡിന്റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായവും ഉറപ്പുനല്‍കി.
കേരളത്തിന്റെ അനന്ത വ്യാവസായിക വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും വികസന പരിപാടികള്‍ നടത്താന്‍ ഡി പി വേള്‍ഡ് താത്പര്യം പ്രകടിപ്പിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജലപാതയില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ സര്‍വസാധ്യതകളും വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. 2020ല്‍ ഈ സ്വപ്‌ന പദ്ധതി പൂര്‍ത്തീകരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ ഡി പി വേള്‍ഡ് താത്പര്യമറിയിച്ചു. ചരക്കുനീക്കം സുഗമമായി നടത്താന്‍ ഈ പദ്ധതികൊണ്ട് കഴിയുമെന്ന കാര്യത്തില്‍ കേരള സര്‍ക്കാരും ഡി പി വേള്‍ഡും ശുഭാഭ്തി വിശ്വാസം പ്രകടിപ്പിച്ചു. വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും സംബന്ധിച്ചു. ഡി പി വേള്‍ഡില്‍ നിന്ന് സി എഫ് ഒ രാജ്ജിത്ത് സിംഗ് വാലിയ, വൈസ് പ്രസിഡന്റ് ഉമര്‍ അല്‍ മുഹൈരി എന്നിവരും സംബന്ധിച്ചിരുന്നു.
കേരളത്തിലെ ചെറുകിട തുറമുഖ വികസന പരിപാടിക്കും ഡി പി വേള്‍ഡ് സന്നദ്ധത അറിയിച്ചു. അഴീക്കല്‍ തുറമുഖമടക്കമുള്ളവ ഈ പദ്ധതിയിലുള്‍പെടുത്തി വികസിപ്പിക്കുമെന്ന് ഡി പി വേള്‍ഡ് മാനേജ്‌മെന്റ് വ്യക്തമാക്കി. നിലവിലുള്ള കബോട്ടാഷ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരിയുമായി സംഭാഷണം നടത്തുമെന്നും വന്‍കിട കപ്പലുകളില്‍ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇളങ്കോവന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി പി വേള്‍ഡിന്റെ സംരംഭകത്വ സഹായം വഴി തൊഴിലവസരം കേരളത്തില്‍ ഗണ്യമായി വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. മറ്റുള്ള സ്ഥലങ്ങള്‍ പോലെയല്ല കേരളത്തിനു വേണ്ടി എന്ത് ഇടപെടലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തങ്ങള്‍ നടത്തുമെന്ന് ഡി പി വേള്‍ഡിന്റെ ചെയര്‍മാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. സ്ഥിരോത്സാഹത്തോടുകൂടി കഠിനപ്രയത്‌നം ചെയ്യുന്ന മലയാളികളെ ഡി പി വേള്‍ഡ് അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡി പി വേള്‍ഡിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖല കേരളമാണെന്ന് തിരിച്ചറിയുന്നതായും ചെയര്‍മാന്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക് വഴി ഒരു പുതിയ കൊച്ചിബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (വ്യാവസായിക പാത) തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
നേരത്തെ ദുബൈ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ അബ്ദുല്ല ഹബ്ബായിയുമായി മുഖ്യമന്ത്രി പിണറായി വിജയനും എം എ യൂസുഫലിയും ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട് സിറ്റി പദ്ധതികളുടെ പുരോഗതിയും കേരള സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ദുബൈ ഗവണ്‍മെന്റിന് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്ന് അബ്ദുല്ല ഹബ്ബായി മുഖ്യമന്ത്രിയെ അറിയിച്ചു.

Similar News