ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ജീവനക്കാരില്‍ നിന്ന് സര്‍ക്കാര്‍ നടത്തുന്ന നിര്‍ബന്ധിത പിരിവിനെതിരെ ഭരണകക്ഷി യൂനിയനുകളില്‍ നിന്ന് കൂടി വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിന്റെ അടിത്തറ തകര്‍ത്ത ഇത്രയും ഭീമമായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ ലോകത്തെങ്ങുമുള്ള നല്ല മനുഷ്യര്‍ സ്വമേധയാ മുന്നോട്ട് വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണി പ്രയോഗിച്ച് ഗുണ്ടാ പിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് ഓര്‍ക്കണം. ഇത് സഹായിക്കാന്‍ മുന്നോട്ട് വരുന്നവരുടെ മനസിനെ മടുപ്പിക്കും. ഒത്തൊരുമിച്ചുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തെ അത് ബാധിക്കും.
ജീവനക്കാര്‍ സ്വമേധയാ സംഭാവന നല്‍കാന്‍ തയ്യാറാണ്. അതിന് അനുവദിക്കാതെ അവരെ സ്ഥലം മാറ്റിയും മറ്റും ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ജീവനക്കാരുടെ പൊതു വികാരമാണ് ഭരണകക്ഷി യൂണിയനായ സെക്രട്ടേറിയറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ നേതാവ് അനില്‍രാജിന്റെ പ്രതിഷേധത്തിലും ഫേസ്ബുക്ക് പോസ്റ്റിലും കണ്ടത്.
രൂക്ഷമായ വിലക്കയറ്റവും ജീവിതച്ചിലവിലെ വര്‍ദ്ധനയും കാരണം താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാട്‌പെടുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തി പിഴിയുന്നത് ശരിയല്ല. ധൂര്‍ത്തും പാഴ്ചിലവുകളും നിയന്ത്രിക്കാന്‍ ഈ വിഷമ ഘട്ടത്തില്‍ പോലും തയ്യാറല്ലാത്ത സര്‍ക്കാരണ് ജീവനക്കാരെ പിഴിയുന്നത്. സംഭാവന പിരിക്കുന്നതല്ലാതെ അതിന്റെ ചിലവിടല്‍ സുതാര്യമാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുമാണിത്.
പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാനോ കേന്ദ്രത്തിന് മെമ്മോറാണ്ടം നല്‍കാനോ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.