ഫെയ്‌സ് ബുക്ക് ലൈക്കില്‍ ന്യൂയോര്‍ക്ക് പോലീസിനെ മറികടന്ന് കേരള പോലീസ് ലോകത്ത് ഒന്നാമത്

Update: 2018-10-23 14:52 GMT


തിരുവനന്തപുരം : കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത പോലീസ് ഫെയ്‌സ് ബുക്ക് പേജ് എന്ന നേട്ടത്തിന് അര്‍ഹമായി. ന്യൂയോര്‍ക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസ് മുന്നിലെത്തിയത്.
നിലവില്‍ 8.20 ലക്ഷം ലൈക്കുകളാണ് കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജിന് ഉള്ളത്. രണ്ടാം സ്ഥാനത്തായ ന്യൂയോര്‍ക്ക് പോലീസിന്റെ പേജിന് 7.83 ലക്ഷം ലൈക്കുകള്‍ ഉണ്ട്. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ച പോലീസ് പേജ് എന്ന നേട്ടം ബാംഗ്ലൂര്‍ സിറ്റി പോലീസിനെ മറികടന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് കേരള പോലീസ് കൈവരിച്ചത്.
പോലീസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് സൈബര്‍ സംബന്ധമായ ബോധവത്ക്കരണവും നിയമകാര്യങ്ങളും തുടങ്ങി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് കേരള പോലീസ് ഫെയ്‌സ് ബുക്ക് പേജ് ആരംഭിച്ചത്. നവമാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്‌ഫോമിലൂടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് പോലീസ് ആസ്ഥാനത്ത് കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങിയത്. തുടര്‍ന്ന് ഫെയ്‌സ് ബുക്ക് പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചു.

 

Similar News