കൊല്ലത്ത് നിന്നും താംബരത്തേക്ക് പുതിയ ട്രെയിന്‍: നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയില്‍

Update: 2018-09-11 11:29 GMT


കൊല്ലം: കൊല്ലം-താംബരം സ്‌പെഷ്യല്‍ ട്രെയിന്‍ ദിവസേനയുള്ള റെഗുലര്‍ ട്രെയിനാക്കുവാനും താംബരത്തു നിന്ന് പുതിയതായി ഒരു ട്രെയിന്‍ കൂടി കൊല്ലത്തേക്ക് സര്‍വീസ് നടത്താനുമുള്ള നിര്‍ദേശം റയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചതായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ഠ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ രേഖാമൂലം അറിയിച്ചു. പുനലൂര്‍-ചെങ്കോട്ട റെയില്‍പാതയുടെ വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് വിസ്റ്റാഡോം കോച്ച് അനുവദിക്കണമെന്ന ദക്ഷിണ റയില്‍വേയുടെ ആവശ്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മൂന്ന് നിര്‍ദേശങ്ങളും നടപ്പാക്കും.
കുണ്ടറ ആദര്‍ശ് റെയില്‍വേ സ്‌റ്റേഷന്റെ മേല്‍പാല നിര്‍മാണത്തിനും ലാന്‍ഡ്‌സ്‌കേപിങ്ങിനുമുള്ള പ്രവൃത്തികളുടെ കരാറുകള്‍ നല്‍കിക്കഴിഞ്ഞു. ഡിസംബര്‍ 31 ന് മുമ്പ് പണി പൂര്‍ത്തീകരിക്കുവാനാണ് കരാര്‍. കുണ്ടറ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ ഉടനെ ആരംഭിക്കും. പുനലൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ കാത്തിരിപ്പ് കേന്ദ്രം, സ്‌റ്റേഷന്‍ കെട്ടിടം, പ്ലാറ്റ്‌ഫോം നവീകരണം, പൂന്തോട്ടം, ഇരിക്കുവാനുള്ള കസേരകള്‍, ഗ്രില്‍ സജ്ജീകരണം എന്നിവ പൂര്‍ത്തിയാക്കി. രണ്ട് ലിഫ്റ്റുകള്‍, സര്‍ക്കുലേറ്റിങ് ഏരിയായുടെ ലാന്‍ഡ്‌സ്‌കേപിങ്, ശുചിമുറി നിര്‍മാണം, വിശാലമായ കാത്തിരിപ്പ് കേന്ദ്രം എന്നിവയ്ക്ക് അനുമതി നല്‍കിയതായും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു.
ചന്ദനത്തോപ്പ് കിളികൊല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ നാല് ഷെല്‍ട്ടറുകളുടെ നിര്‍മ്മാണം, ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഒറ്റക്കല്‍, ഇടമണ്‍, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് എന്നീ സ്‌റ്റേഷനുകളില്‍ കുടിവെള്ളം സജ്ജമാക്കുന്ന പ്രവൃത്തിയും പുരോഗമിച്ചുവരികയാണ്. പുനലൂര്‍, കുണ്ടറ സ്‌റ്റേഷനുകളില്‍ സര്‍ക്കുലേറ്റിങ് ഏരിയയില്‍ ശുചിമുറികളുടെ നിര്‍മാണം, കിളികൊല്ലൂരില്‍ ഫുട് ഓവര്‍ബ്രിഡ്ജ്, കുണ്ടറ ഈസ്റ്റിലും ചന്ദനത്തോപ്പിലും റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെ ദീര്‍ഘിപ്പിക്കല്‍, കുണ്ടറ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറിന്റെ മേല്‍ക്കൂര മാറ്റി സ്ഥാപിക്കല്‍, കുണ്ടറ, കിളികൊല്ലൂര്‍ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ ഉയരം വര്‍ധിപ്പിക്കല്‍, കുണ്ടറ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ വികസനം, കുണ്ടറ സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായുള്ള അനൗണ്‍സ്‌മെന്റ് സിസ്റ്റം, പുനലൂര്‍ സ്‌റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ വികസനം, പുനലൂര്‍, ഭഗവതിപുരം, ഇടമണ്‍ സ്‌റ്റേഷനുകളില്‍ എല്‍ഇഡി ക്ലോക്ക് സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ എംപിയെ അറിയിച്ചു.
പുനലൂര്‍ കാരിയറ എല്‍സി 518ാം നമ്പര്‍ ലെവല്‍ ക്രോസ്സിലെ മേല്‍പ്പാലം റെയില്‍വേയുടെ ഭാഗം പൂര്‍ത്തീകരിച്ചതായും എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതും അപ്രോച്ച് റോഡും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതായ പ്രവൃത്തികള്‍ ആരംഭിക്കാത്തതിനാല്‍ മേല്‍പ്പാലം തുറക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നും കുണ്ടറ, പള്ളിമുക്ക് 526 ാം നമ്പര്‍ ലെവല്‍ ക്രോസ്സിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് പുരോഗമിച്ചുവരികയാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചിട്ടില്ലായെന്നുംകുണ്ടറ, പെരിനാട് 528ാം നമ്പര്‍ ലെവല്‍ ക്രോസ്സിന്റെ നിര്‍മ്മാണത്തിനായുള്ള ജനറല്‍ അറേഞ്ച്‌മെന്റ് ഡ്രോയിങ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍എച്ച് വിഭാഗം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലായെന്നും ദക്ഷിണ മേഖല ജനറല്‍ മാനേജര്‍ അറിയിച്ചു.
മധുര ഡിവിഷന്റെ പരിധിയില്‍ വരുന്ന റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗത്തിനായി എംപി നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ദക്ഷിണ മേഖലാ ജനറല്‍ മാനേജര്‍ വിവരങ്ങള്‍ നല്‍കിയത്.

Similar News