മട്ടന്നൂരില്‍ പുകയില ഉല്‍പന്നങ്ങളുമായി മധ്യവയസ്‌കന്‍ പിടിയില്‍

Update: 2018-10-31 16:51 GMT


കണ്ണൂര്‍: മട്ടന്നൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് വ്യാപകമായി നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്ന ചാവശ്ശേരി സ്വദേശി പുതിയ വീട്ടില്‍ പി വി മധുസൂധനനെ(48)യെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ആര്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 636 ഹാന്‍സ്, കൂള്‍ലിപ് പയ്ക്കറ്റ് ഇയാളില്‍ നിന്ന് പിടികൂടി. മട്ടന്നൂര്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് പരിശോധനന നടത്തിയത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മട്ടന്നൂരിലെ വിദ്യാര്‍ഥികളാണ് ഇയാളുടെ പ്രധാന ആവശ്യക്കാര്‍. ഉല്‍പന്നങ്ങള്‍ കച്ചവട സ്ഥാപനത്തില്‍സൂക്ഷിക്കാതെ തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലും കെട്ടിടങ്ങളിലും ഒളിപ്പിച്ച് ആവശ്യക്കാര്‍ എത്തുന്നതിനനുസരിച്ച് മാത്രം സാധനം കൈമാറുകയാണു പതിവ്. ഇയാള്‍ക്കെതിരേ
എക്‌സൈസ് നിരവധി തവണ കോട്പ നിയമം ചുമത്തിയിരുന്നെങ്കിലും കച്ചവടത്തിലെ അമിതലാഭം കുറ്റകൃത്യം തുടരാന്‍ കാരണമാക്കുന്നുണ്ട്. ഇയാളുടെ കച്ചവട സ്ഥാപനം പൂട്ടി സീല്‍ ചെയ്യാന്‍
മട്ടന്നൂര്‍ നഗരസഭയ്ക്കു എക്‌സൈസ് ശുപാര്‍ശ ചെയ്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ ആനന്ദകൃഷ്ണന്‍, സി പി ഷാജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പി സനേഷ്, നെല്‍സണ്‍ ടി തോമസ്, എം പി ഹാരിസ്, ഡ്രൈവര്‍ കെ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

Similar News