134 പേരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു, കൂട്ടപിരിച്ചുവിടല്‍ ഇല്ലെന്ന് മന്ത്രി

Update: 2018-10-13 14:19 GMT


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ 134 ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരും 65 ഡ്രൈവര്‍മാരുമാണ് നടപടിക്ക് വിധേയരായത്. 773 ജീവനക്കാരെ ഈ മാസം അഞ്ചിന് പിരിച്ചുവിട്ടതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ്. ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച ശേഷം സര്‍വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരോട് മെയ് 31ന് മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തൃപ്തികരമായ മറുപടി നല്‍കാന്‍പോലും ഇവര്‍ തയ്യാറായില്ലെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നു. ദീര്‍ഘ അവധിക്ക് ശേഷം വിരമിക്കാറാവുമ്പോള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ തിരികെ പ്രവേശിച്ച് സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്.ആര്‍ടിസിയിലെ ബസ്-ജീവനക്കാര്‍ അനുപാതം ദേശീയ ശരാശരിക്കൊപ്പം കുറക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കടുത്ത നടപടി. ജോലിക്ക് ഹാജരാവാത്ത ആളുകളെക്കൂടി കൂട്ടിയാണ് അനുപാതം കണക്കാക്കിയിരിക്കുന്നത്. ഇവരെ ഒഴിവാക്കുന്നതോടെ ജീവനക്കാരുടെ യഥാര്‍ഥ എണ്ണം നിശ്ചയിക്കാനും അതിനനുസരിച്ച് ഡ്യൂട്ടി ക്രമീകരിക്കാനും കഴിയും. ജോലിക്കെത്താത്ത മിനിസ്റ്റീരിയല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളിലും സമാന നടപടിയുണ്ടാവുമെന്ന് എംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിയപരമായി അവധിയിലുള്ളവരെയും പിരിച്ചുവിടുന്നതായി തൊഴിലാളി യൂനിയനുകള്‍ക്ക് ആക്ഷേപമുണ്ട്.
അതേസമയം കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍ ഇല്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നേരത്തെ എടുത്ത തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. അവധിയില്‍ പ്രവേശിച്ചവര്‍ മെയ് 30നകം സര്‍വീസില്‍ തുടരുന്നുണ്ടോ എന്ന് രേഖാമൂലം മറുപടി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കാത്തവരെയാണ് പിരിച്ചുവിട്ടത്. പെന്‍ഷന്‍ വാങ്ങാന്‍ മാത്രം ജീവനക്കാരായി ലിസ്റ്റില്‍ തുടരുകയും ലീവെടുത്ത് മറ്റ് ജോലി ചെയ്യുകയും ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar News