കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

Update: 2018-09-13 11:29 GMT


തിരുവനന്തപുരം: ഒക്‌ടോബര്‍ രണ്ടു മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, പ്രഫ. സുശീല്‍ഖന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശാസ്ത്രിയമായ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂനിയന്‍ ഉയര്‍ത്തുന്നത്.
ഇന്നു വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവെച്ചുവെന്നും സമരസമിതി ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ചീഫ്് ഓഫീസിന് മുന്നില്‍ കെഎസ്ആര്‍ടിസി ട്രേഡ് യൂനിയനുകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യമത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തി വന്നിരുന്നു. ഈ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗതമന്ത്രിയുടെ ശ്രമങ്ങള്‍ വിഫലമായിരുന്നു. കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിവെച്ചതോടെ കെഎസ്ആര്‍ടിസിയില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും, തുടര്‍ന്ന് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
ഇതോടെ ഇന്ധന വിലവര്‍ധനയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി 20 മുതല്‍ 30 ശതമാനം വരെ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും അറിയിച്ചിരുന്നു. തിരക്കൊഴിഞ്ഞ സമയത്തെ ട്രിപ്പുകളാണ് ഒഴിവാക്കുന്നതിന് തീരുമാനിച്ചത്. ഡീസല്‍ വില വര്‍ധന പ്രതിമാസം 4.6 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കുന്നുണ്ട്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സഹാചര്യത്തില്‍ പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പള വിതരണത്തിനായി മാറ്റിവെയ്ക്കുന്ന തുകയില്‍ നിന്ന് കടമെടുത്ത് വാങ്ങാന്‍ എംഡി തച്ചങ്കരി തീരുമാനിച്ചു. ഈ തീരുമാനവും പ്രതിഷേധത്തിലേക്ക് നയിച്ചു. ഇതോടൊപ്പം ട്രേഡ് യൂനിയനുകളുടെ എതിര്‍പ്പിനെ മറികടന്ന്് ഓര്‍ഡിനറി ബസുകളില്‍ കഴിഞ്ഞ ഒമ്പതാം തിയ്യതി മുതല്‍ നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായവും ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പിന് കാരണമായി. ബസ്‌നിരക്ക് കൂട്ടുന്നതും നിലവിലെ പ്രതിസന്ധിക്കുള്ള പരിഹാരമാവില്ലെന്നും ജീവനക്കാരും യാത്രക്കാരും സാഹചര്യം മനസ്സിലാക്കുമെന്നാണു പ്രതീക്ഷയെന്നും വകുപ്പുമന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചു.

Similar News