സ്ത്രീപ്രവേശനം: സിപിഎം നിയന്ത്രിത ക്ഷേത്രങ്ങളുടെ കണക്കെടുക്കാന്‍ ബിജെപി

Update: 2018-10-31 10:11 GMT


 

കണ്ണൂര്‍: ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി രംഗത്ത്. സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്ര ഭാരവാഹികള്‍ നിയന്ത്രിക്കുന്ന ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളുടെ കണക്കെടുക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും കണക്കെടുത്ത് സ്ത്രീപ്രവേശനമില്ലാത്തതും സിപിഎം നിയന്ത്രണത്തിലുള്ളതുമായ കണക്കുകളാണ് ശേഖരിക്കുന്നത്. ഇവിടങ്ങില്‍ സ്ത്രീ പ്രവേശനമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരേ പ്രാദേശികതലത്തിലും സംസ്ഥാനതലത്തിലും പ്രചാരണം നടത്തും. അതുവഴി സ്ത്രീപ്രവേശനത്തിനു സമ്മതിക്കാനോ വിസമ്മതിക്കാനോ ആവാത്ത വിധം സിപിഎം പ്രതിരോധത്തിലാവുമെന്നാണു സംഘപരിവാര സംഘടനകളുടെ കണക്കുകൂട്ടല്‍. നേരത്തേ സിപിഎം നിയന്ത്രണത്തില്‍ പലയിടങ്ങളിലും ക്ഷേത്രഭരണസമിതികളുണ്ടെങ്കിലും മാസങ്ങള്‍ക്കു മുമ്പാണ് സിപിഎം ക്ഷേത്രഭാരവാഹികളുടെ സംഘടന രൂപീകരിച്ചത്. രണ്ടര വര്‍ഷം മുമ്പ് സംഘപരിവാരബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലെത്തിയ ബിജെപി മുന്‍ ദേശീയസമിതിയംഗം ഒ കെ വാസു മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇതിനു നിയോഗിച്ചത്. ഇത്തരത്തിലുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാരുടെയും ജീവനക്കാരുടെയുമെല്ലാം കണക്ക് കൃത്യമായി ശേഖരിക്കാനാണു നിര്‍ദേശം. ക്ഷേത്രജീവനക്കാരിലും മറ്റും സിപിഎം അനുഭാവമുള്ളവരാണെങ്കിലും ഹൈന്ദവാചാരണങ്ങളുമായി കഴിയുന്നവരാണ് ഭൂരിഭാഗവും. അതിനാല്‍ തന്നെ, ശബരിമല വിഷയത്തില്‍ സിപിഎം ഇപ്പോള്‍ നടത്തുന്ന പ്രചാരണം ഇത്തരമൊരു നീക്കത്തിലൂടെ പാളുമെന്നാണു വിലയിരുത്തല്‍.

സിപിഎം ശക്തികേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍ തന്നെ ഇത്തരം പ്രചാരണത്തിനു തുടക്കമിടാനാണു ലക്ഷ്യമിടുന്നത്. മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ജന്‍മനാട് കൂടിയായ കല്ല്യാശ്ശേരി കീച്ചേരി പാലോട്ടുകാവിലെ സ്ത്രീപ്രവേശന വിലക്കിനെ പ്രചാരണായുധമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ സ്ത്രീപ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ബോര്‍ഡ്, വിവാദം ഭയന്ന് കഴിഞ്ഞ ദിവസം ആരോ എടുത്തുമാറ്റിയിരുന്നു.
വിഷു മുതല്‍ ഏഴു ദിവസം മാത്രം നിത്യപൂജ നടക്കുന്ന ക്ഷേത്രത്തില്‍ ഉല്‍സവകാലത്ത് ഉള്‍പ്പെടെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ല. ക്ഷേത്രക്കുളത്തില്‍ പ്രവേശിക്കാനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിനു മുന്നിലൂടെ വഴിനടക്കാന്‍ അനുവാദമില്ല. അസുരനിഗ്രഹം നടന്ന സ്ഥലമായതിനാലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതെന്നും പതിറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് തീരുമാനമെന്നുമാണ് ക്ഷേത്രസമിതിയുടെ വാദം. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പലയിടത്തും ഇത്തരം ക്ഷേത്രങ്ങളുണ്ട്. ഇതെല്ലാം കണ്ടെത്തി ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ മുറവിളി കൂട്ടുന്ന സിപിഎം സ്വന്തം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്നുവെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും ഇരട്ടത്താപ്പാണെന്നും തെളിയിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ലെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രാദേശികതലത്തില്‍ സിപിഎമ്മിലെ ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാമെന്നത് രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്നും സംഘപരിവാരം കണക്കുകൂട്ടുന്നുണ്ട്.

Similar News