ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തുടരുന്ന ഡോ. കഫീല്‍ ഖാന്റെ മോചനം; രാഷ്ട്രപതി ഇടപെടണമെന്ന് ലീഗ് എംപിമാര്‍, ഡോക്ടര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്സെടുത്തത് നിയമവിരുദ്ധം

ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചാര്‍ത്തി ജയിലിലടക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി

Update: 2020-05-02 09:18 GMT

ന്യൂഡല്‍ഹി/ മലപ്പുറം: ആതുരസേവനം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ പീഡിയാട്രീഷ്യന്‍ ഡോ. കഫീല്‍ ഖാനെ കരിനിയമങ്ങള്‍ ചാര്‍ത്തി എന്നെന്നേക്കുമായി ജയിലിലടക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നീക്കം തടയണമെന്ന് മുസ്‌ലിംലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, തമിഴ്നാട്ടില്‍ നിന്നുള്ള എംപിയായ നവാസ്‌കനി എന്നിവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചാര്‍ത്തി ജയിലിലടക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്. അലീഗഢില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ കഴമ്പില്ലന്ന് കണ്ട് കോടതി ജാമ്യമനുവദിച്ചിട്ടും കഫീല്‍ ഖാനെ പുറത്ത് വിടില്ലന്ന് വാശിപിടിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജാള്യതമറക്കാന്‍ അദ്ദേഹത്തിനെതിരേ എന്‍എസ്എ ചാര്‍ത്തിയിരിക്കുന്നത് നിയമവിരുദ്ധമാണ്. ഭരണഘടനാ തലവന്‍ എന്ന നിലയില്‍ വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ലീഗ് എംപിമാര്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. കഫീല്‍ ഖാനെതിരെ അലിഗഢില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഗൗരവമേറിയതല്ലന്നും അദ്ദേഹം നടത്തിയ പ്രസംഗം ക്രമസമാധനനിലയില്‍ ഭംഗമുണ്ടാക്കുന്ന യാതൊന്നും കാണുന്നില്ലന്നും കോടതി ജാമ്യാപേക്ഷ പരിഗണിക്കവെ പരാമര്‍ശിച്ചിരുന്നു. കോടതി ജാമ്യമനുവദിച്ചിട്ടും ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ തയ്യാറാവാതെ പെട്ടന്ന് എന്‍എസ്എ പ്രയോഗിക്കുകയായിരുന്നു. കഫീല്‍ ഖാനെതിരേയുള്ള നീക്കം ക്രൂരമാണന്നും എംപിമാര്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടപ്പോള്‍ ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും തിരികെയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കഫീല്‍ ഖാനെ അന്ന് മാധ്യമങ്ങളടക്കം പ്രശംസിച്ചിരുന്നു. കഫീല്‍ ഖാനെ പഴിചാരി അദ്ദേഹത്തിനെതിരേ കേസെടുത്ത യുപി സര്‍ക്കാറിന്റെ നടപടിയും പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. കഫീല്‍ ഖാനെതിരേയുള്ള ആരോപണങ്ങള്‍ തള്ളിയ അലഹബാദ് ഹൈക്കോടതി കഫീല്‍ ഖാന്‍ കൃത്യവിലോപം നടത്തിയതിന് യാതൊരു തെളിവുമില്ലന്നു വ്യക്തമാക്കിയതും കത്തില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News