കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ ആഞ്ഞടിക്കാനുള്ള സാധ്യത പരിഗണിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. അടുത്ത 48 മണിക്കൂര്‍ നേരത്തേക്കാണ് പ്രചാരണം നിര്‍ത്തിവച്ചിരിക്കുന്നത്. മേദിനിപുരിയിലെ റാലിയിലായിരുന്നു മമത ഇന്ന് പങ്കെടുക്കേണ്ടിയിരുന്നത്. ബംഗാളിന്റെ തീരപ്രദേശത്തുനിന്നും നൂറ് കണക്കിനുപേരെയാണ് ചുഴലിക്കാറ്റ് വീശുമെന്ന ആശങ്കയെത്തുടര്‍ന്ന് ഒഴിപ്പിച്ചിരിക്കുന്നത്. 233 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നും ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ രാത്രി എട്ട് വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ ഫോനി ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ചുഴിലിക്കാറ്റിനെത്തുടര്‍ന്ന് ഒഡീഷയില്‍ മൂന്നു മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.