ആലപ്പുഴയില്‍ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയതായി സംശയം; തിരച്ചില്‍ തുടരുന്നു

Update: 2019-08-23 12:19 GMT

ആലപ്പുഴ: ബാറിൽ വച്ചുണ്ടായ അടിപിടിയെ തുടർന്ന് യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തിയതായി സംശയം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനു (27) വിനെയാണ് കാണാതായത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കടലില്‍ തിരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് പുന്നപ്ര പറവൂര്‍ പരിസരത്തെ ബാറില്‍ വച്ചാണ് സംഭവം. മനുവും നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് സംഘം മനുവിനെ മര്‍ദിച്ച്‌ കൊന്നശേഷം മൃതദേഹം കടലില്‍ കെട്ടിത്താഴ്ത്തിയെന്നാണ് നിഗമനം.

മനുവിനെ കാണാതായതായി പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പോലിസ് ബാറിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനുവിന്റെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ മനുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതേസമയം, മനുവിന്റെ മൃതദേഹം കണ്ടെത്താത്തതിനാല്‍ പോലിസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Similar News