തിരുവനന്തപുരം: ആനയറയില്‍ ഒാട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു. പേട്ട താഴശ്ശേരി വയലില്‍ വീട്ടില്‍ വിപിന്‍ (36) എന്ന കൊച്ചുകുട്ടനാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 12.30 ന് ആനറയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയിലാണ് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടത്. പോലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുള്‍മൂടിയ പ്രദേശമായതിനാല്‍ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാര്‍ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ പോലിസ് സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രക്തംവാര്‍ന്നാണ് മരണം. ആറംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലിസ് അറിയിച്ചു. തിരുവനന്തപുരത്ത് വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന അനൂപ് എന്നയാളെ തലയ്ക്കടിച്ചു കൊന്ന കേസില്‍ പ്രതിയാണ് വിപിന്‍. ഇതിന് പിന്നിലെ വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.