നോട്ട്‌നിരോധനം: മോദിയുടെ തുക്ലക് പരീക്ഷണം രാജ്യം മറക്കില്ലെന്ന് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: നോട്ട്‌നിരോധനത്തെ കനത്ത ഭാഷയില്‍ പരിഹസിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി. നോട്ട്‌നിരോധനത്തെ തുക്ലക് പരിഷ്‌കാരത്തോടാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ഉപമിച്ചത്. നിരവധി പേരുടെ ജീവിനോപാധികള്‍ തട്ടിത്തെറിപ്പിച്ച നോട്ട്‌നിരോധനം ഇന്ത്യന്‍ ജനത മറക്കില്ലെന്ന കാര്യം കോണ്‍ഗ്രസ് ഉറപ്പുവരുത്തുമെന്നും സോണിയ പറഞ്ഞു.
നോട്ട്‌നിരോധനവും അതുണ്ടാക്കിയ ദുരന്തവും എത്ര മറക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ മറക്കില്ലെന്നു മാത്രമല്ല, കണക്ക് പറയിക്കുകയും ചെയ്യും. നോട്ട്‌നിരോധനത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തിലും, മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും നൂറോളം പേരുടെ ജീവനും നിരവധി പേരുടെ ജീവനോപാധികളും ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. 2017 മുതല്‍ നോട്ട്‌നിരോധനത്തെ കുറിച്ച് മോദിയും കൂട്ടാളികളും സംസാരിക്കാറില്ല - സോണിയാ ഗാന്ധി ഓര്‍മിപ്പിച്ചു.
റിസര്‍വ് ബാങ്ക് കണക്കു പ്രകാരം 99.3 ശതമാനം കറന്‍സിയും തിരികെയെത്തി. വളരെ കുറച്ച് വ്യാജകറന്‍സി മാത്രമാണ് വിപണിയിലുള്ളതെന്നും ഇത് തെളിയിച്ചു. നവംബര്‍ 8, 2016 നാണ് ഒരു ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ 500 ന്റെയും 1000ന്റെയും കറന്‍സികള്‍ നിരോധിച്ചത്. പെട്ടെന്നുള്ള നീക്കം ജിഡിപിയുടെ 1.5 ശതമാനം പിറകോട്ടടിപ്പിച്ചു.
ഇന്ന് രാവിലെ മറ്റൊരു സമ്മേളനത്തില്‍ വച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോദിയെ നോട്ട്‌നിരോധനത്തിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.