മാളയിലെ കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി നിര്‍മ്മാണം അനിശ്ചിതത്വത്തില്‍
സലിം എരവത്തൂര്‍
മാള: മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെ കരുണാകരന്‍ സ്മാരക മാള സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഭാവി അനിശ്ചിതാവസ്ഥയില്‍. പുതിയ ബജറ്റിലും സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായത്.
സ്‌പോര്‍ട്‌സ് അക്കാദമി പണിയുന്നത് യഹൂദ സെമിത്തേരിയിലാണ്. ഇതുമായി ബന്ധപ്പെട്ട കേസുകളാണ് ഫണ്ട് അനുവദിക്കാത്തതിനു പിന്നില്‍. ശ്മശാനത്തിന്റെ അവശേഷിക്കുന്ന ഭാഗം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചാല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നിര്‍മ്മാണത്തിന് തടസ്സമുണ്ടാക്കില്ല എന്ന് പൈതൃക സംരക്ഷണ സമിതി പറഞ്ഞിട്ടും കാര്യങ്ങള്‍ മുന്നോട്ടുപോയിട്ടില്ല.
ഫണ്ടില്ലാതായതോടെ സ്‌റ്റേഡിയത്തിന്റെ ഉപയോഗത്തിനായി വിദേശത്തു നിന്നെത്തിച്ച കൃത്രിമപുല്ലും അനുബന്ധ വസ്തുക്കളും പാഴായിപ്പോവുകയാണ്. ഫിന്‍ലന്‍ഡില്‍ നിന്നുമെത്തിച്ച കൃത്രിമപുല്ലും പുല്ലിനടിയില്‍ പാകേണ്ടതായ റബ്ബര്‍ പെല്ലറ്റും പശയുമടങ്ങിയ വസ്തുക്കളാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ നശിക്കുന്നത്. കെ കരുണാകരന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമിയെ അധികൃതര്‍ കൈയൊഴിയുന്നു എന്ന സംശയത്തിലാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍.