ആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി. സുരക്ഷാ കാരണങ്ങളാല്‍ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. മൂന്ന് മീറ്റര്‍ അകലപരിധിയില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്നും കോടതി ചോദിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണം. 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്ന് ചോദിച്ച ഹൈക്കോടതി, ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോയെന്നും ചോദിച്ചു.
ആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമെന്ന് ബോധ്യപ്പെടുത്താനാകണം. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നത്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വര്‍ഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആനപ്രേമികള്‍ ആനയുടെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആനയെ പ്രദര്‍ശന വസ്തുവായാണ് അവര്‍ കാണുന്നതെന്നും കോടതി കുറ്റപ്പെടുത്തി. തമ്മിലുള്ള അകലം കുറവ് ആണെങ്കില്‍ ആനകള്‍ ആസ്വസ്ഥരാവും. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.