തൊഴിലാളികളുടെ കൂട്ടപലായനം; പ്രധാനമന്ത്രിയുടെ ഇടപെടലാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ കത്ത്
ന്യൂഡല്‍ഹി: അസംഘടിത മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷയും പാര്‍പ്പിട സൗകര്യങ്ങളുമൊരുക്കാത്തത് അവരുടെ വലിയ പലായനങ്ങള്‍ക്കാണ് കാരണമാവുന്നതെന്നും ഇത് സാമൂഹ്യ അകലം പാലിച്ച് കൊവിഡ് വ്യാപനം തടയാമെന്ന ലോക്ഡൗണിന്റെ ലക്ഷ്യത്തെ തന്നെ അപകടത്തിലാക്കുന്നതാണന്നും ചൂണ്ടികാട്ടി പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാന അതിര്‍ത്ഥിയോട് ചേര്‍ന്നുള്ള ആനന്ദ് വിഹാര്‍ ബസ്സ് ടെര്‍മിനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. നിസ്സഹായരായ തൊഴിലാളികള്‍ പലായനത്തിന് നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്. കൊവിഡിനെ തടയാന്‍ ലോക് ഡൗണ്‍ പോലുള്ള ശക്തമായ നടപടികള്‍ ആവശ്യമാണന്നതില്‍ തര്‍ക്കമില്ല. നിസ്സഹായരായ തൊഴിലാളികള്‍ പലായനം ചെയ്യാനുള്ള നിര്‍ബന്ധിത സാഹചര്യം തുടരുകയാണങ്കില്‍ ഗ്രാമങ്ങളിലേക്ക് രോഗവ്യാപനമുണ്ടാവുമെന്നും ഇത് രാജ്യത്ത് അതീവ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും എംപി കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. തൊഴിലാളികള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ബിഹാര്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്താല്‍ ഗ്രാമാന്തരങ്ങളിലേക്ക് വൈറസ് പടരാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് തന്നെ സഞ്ചാരികളെ ക്വാറന്റൈന്‍ ചെയ്യാനുള്ള നിര്‍ദേശം ഈ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.