കര്‍ഷകര്‍ക്ക് ആശ്വാസം: ഹോര്‍ട്ടി കോര്‍പ്പ് പൊട്ടുവെള്ളരി സംഭരിക്കും

Update: 2020-04-05 14:22 GMT

മാള: വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ ഇടപെടല്‍ പൊട്ടുവെള്ളരി കര്‍ഷകര്‍ക്കാശ്വാസമായി. പൊട്ടുവെള്ളരി ന്യായവില നല്‍കി ശേഖരിച്ചു വില്‍ക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ് തീരുമാനിച്ച് രംഗത്തെത്തി.

സംസ്ഥാനത്ത് ഏറ്റവും അധികം സ്ഥലത്ത് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നത് വെള്ളാങ്കല്ലൂര്‍, കൊടുങ്ങല്ലൂര്‍, മാള, മതിലകം ഭാഗങ്ങളിലാണ്. കൊവിഡ് 19ന്റ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച ദിവസം മുതല്‍ വിപണി കണ്ടെത്താന്‍ കര്‍ഷകര്‍ വിഷമിക്കുകയായിരുന്നു.

കര്‍ഷരുടെ കഷ്ടപാടുകള്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുകയും കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് കൃഷി മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം ഹോര്‍ട്ടികോര്‍പ്പ് സംഭരണത്തിന് തയ്യാറാവുകയായിരുന്നു.

കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് വന്ന് ന്യായമായ വില നല്‍കിയാണ് പൊട്ടുവെള്ളരി സംഭരിക്കുന്നത്. ഇതു മൂലം മേഖലയിലെ കര്‍ഷകര്‍ക്കുണ്ടായ വലിയ നഷ്ടങ്ങള്‍ക്കിടയില്‍ ചെറിയ ആശ്വാസമാകുകയാണ്. ജനുവരി മുതല്‍ മെയ് മാസം പകുതിവരെയാണ് പരമ്പരാഗതമായി പൊട്ടുവെള്ളരി കൃഷി ചെയ്ത് കര്‍ഷകര്‍ വിളവെടുപ്പ് സമയം ക്രമീകരിക്കാറുള്ളത്.

ആദ്യത്തെ സംഭരണം വെള്ളാങ്ങല്ലൂരിലെ കര്‍ഷകനായ അംബുജാക്ഷന്റെ കൃഷിയിടത്തില്‍ നിന്ന് നടത്തി. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ സജീവിന് പൊട്ടുവെള്ളരി നല്‍കി സംഭരണം ആരംഭിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി ഐ മുഹമ്മദ് ഹാരീസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം കെ ഉണ്ണി, ഫീല്‍ഡ് അസിസ്റ്റന്റ് കെ എം ഇസ്മയില്‍, എം കെ രമേശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

Similar News