മാളയില്‍ സഞ്ചരിക്കുന്ന ആശുപത്രിക്ക് തുടക്കമായി

Update: 2020-04-28 10:49 GMT

മാള: രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിട്ട് എത്തിചേരാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നവരുമായ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി മാള സി എച്ച് സി യിലെ ഡോക്ടറുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മാള ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നേരിട്ട് ചികിത്സ ലഭ്യമാക്കുന്നതിനായി മാള ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി സഞ്ചരിക്കുന്ന ആശുപത്രിക്ക് തുടക്കമായി.

പൊതുഗതാഗത സൗകര്യം ഇല്ലാത്ത ഈ സാഹചര്യത്തില്‍ രോഗികളായവരെ വീട്ടില്‍ച്ചെന്ന് ശുശ്രൂഷിക്കുകയും മരുന്നു നല്‍കുകയും ചെയ്യുകയാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ ലക്ഷ്യം. തൃശ്ശൂര്‍ ജില്ലയില്‍ ഇങ്ങനെയൊരു സംരംഭം ഇത് ആദ്യമാണ്.

ഒരു ദിവസം നാല് വാര്‍ഡുകളില്‍ സഞ്ചരിക്കുന്ന ആശുപതി എത്തിച്ചേരും. ഓരോ രോഗിക്കും 10 ദിവസത്തേക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കും.

മാള ഹോളിഗ്രേയ്‌സ് ഗ്രൂപ്പാണ് ഇതിനായി വാഹനം മാള ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കിയിരിക്കുന്നത്. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോധരന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍മാന്മാരായ ബിജു ഉറുമീസ്, രാധ ഭാസ്‌കരന്‍, വിനിത സദാനന്ദന്‍, സെക്രട്ടറി ടി ജി മധുസൂദനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എ വേണു, ഹോളിഗ്രേസ് ഗ്രൂപ്പ് ചെയര്‍മാന്‍ സാനി എടാട്ടുകാരന്‍, വൈസ് ചെയര്‍മാന്‍ ക്ലമന്‍സ് തോട്ടാപ്പിള്ളി, സെക്രട്ടറി ബേബി വെട്ടിയാടന്‍, എഞ്ചിനീയറിംഗ് കോളേജ് സെക്രട്ടറി ബെന്നി അയിനിക്കല്‍, മറ്റു ബോര്‍ഡ് അംഗങ്ങള്‍ സന്നിഹിതരായിരുന്നു. 

Similar News