ദല്‍ഹി ചലോ മാര്‍ച്ച് ഹീറോ നവദീപ് സിംഗിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തു
കൊലപാതകശ്രമം ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്
ന്യൂഡല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രതീകമായി മാറിയ നവദീപ് സിംഗിനെതിരെ പോലീസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കര്‍ഷകര്‍ക്കു നേരെ പ്രയോഗിച്ച ജലപീരങ്കിയുടെ വാല്‍വ് മറ്റൊരു വാഹനത്തിന്റെ മുകളില്‍ നിന്നും ചാടി അടച്ചതിലൂടെയാണ് ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള കര്‍ഷക യുവാവ് സമരത്തിന്റെ ഹീറോ ആയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ പേരില്‍ കൊലപാതകശ്രമം ഉള്‍പ്പടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്. കലാപ ശ്രമം, കോവിഡ് -19 നിയമങ്ങള്‍ ലംഘിക്കല്‍ എന്നിവയും ചുമത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടുമടക്കിയ പോലീസ് പ്രതികാര നടപടിയായിട്ടാണ് നവദീപിനെതിരേ കേസെടുത്തത്. ജീവിതത്തില്‍ ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതേസമയം സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും നവദീപ് പറഞ്ഞു.