ഒടുവില്‍ തീരുമാനമായി, പിഎം കെയര്‍ ഫണ്ടില്‍ 'പ്രധാനമന്ത്രി'ക്ക് പ്രത്യേക അവകാശമൊന്നുമില്ല. അത് ഇന്ത്യ സര്‍ക്കാരിന്റെ അധീനതയിലുമല്ല. മറിച്ച് മൂന്നാമതൊരു കക്ഷിയുടേതാണ്. കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി തന്നെ നേരിട്ടും ഇറങ്ങി സ്വരൂപിച്ച പ്രധാനമന്ത്രിയുടെതെന്ന പേരില്‍ 'കുപ്രസിദ്ധ'മായ പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് അഥവാ പിഎം കെയര്‍ ഫണ്ടിന്റെ ഉടമസ്ഥാവകാശത്തിലാണ് ഇപ്പോള്‍ ഏകദേശം തീരുമാനമായത്.
കേന്ദ്രത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി കോര്‍പറേറ്റുകളില്‍ നിന്ന് പിരിച്ചെടുത്ത പണത്തിന്റെ ഉടസ്ഥാവകാശമാണ് ഇപ്പോള്‍ ത്രിശ്ശങ്കുവിലായിരിക്കുന്നത്. പിഎം കെയര്‍ ഫണ്ടിനെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ മുന്‍കാല തള്ളുകള്‍ വെറും തള്ളായിരുന്നുവോ? യഥാര്‍ത്ഥത്തില്‍ ഈ പണം ആരുടേതാണ്? അതിന്റെ ഉടസ്ഥന്‍ ആരാണ്? നരേന്ദ്ര മോദിയോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ? കേന്ദ്ര സര്‍ക്കാരോ അതോ കേന്ദ്രം ഭരിക്കുന്ന ബിജെപിയോ?
ആര്‍ട്ടിക്കിള്‍ 12 അനുസരിച്ച് പിഎം കെയര്‍ ഫണ്ടിനെ സര്‍ക്കാരിന്റേതായി പ്രഖ്യാപിക്കണമെന്ന ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അത് മൂന്നാം കക്ഷിയുടേതാണെന്ന് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ ഇതുസംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ കുറിപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കി:
പിഎം കെയര്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റ് സര്‍ക്കാരിന്റേതാണോ എന്ന ക്ലോസ്സിലാണ് നിഷേധാര്‍ത്ഥത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമം സെക്ഷന്‍ 2എച്ച് അനുസരിച്ച് പിഎം കെയര്‍ പബ്ലിക് അതോറിറ്റിയെന്ന ഘടനയുടെ പരിധിയില്‍ വരില്ല. മാത്രമല്ല, ഫണ്ട് ഇന്ത്യയുടെ പൊതുഖജനാവിലേക്ക് പോവുകയുമില്ല. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അധികാരം വെറും ആലങ്കാരികം മാത്രം. എന്നാല്‍ സിഎജി തയ്യാറാക്കുന്ന പാനലിലെ ഒരു സിഎക്കാരനായിരിക്കും ഓഡിറ്റ് നടത്തുക.
പിഎം കെയറിന്റെ നിയമപരമായി നില എന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ് വാലാണ് പൊതുതാല്‍പ്പര്യ ഹരജിയുമായി കോടതിയിലെത്തിയത്. അതിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയത്.
പിഎം കെയര്‍ വെബ്‌സൈറ്റ്
പിഎം കെയര്‍ വെബ്‌സൈറ്റ് പ്രകാരം പിഎം കെയര്‍ ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ്. 1908ലെ രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരമാണ് 2020 മാര്‍ച്ച് 27ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് 19 പോലെ രാജ്യത്തെ പിടിച്ചുകുലുക്കുന്ന വലിയ ദുരന്തങ്ങളെ നേരിടാനാണ് ഈ ഫണ്ട് ഉപയോഗിക്കുക.
അടിയന്തരമായുണ്ടാകുന്ന പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനുള്ള പണം കണ്ടെത്തുക, അതിനാവശ്യമായ ഗവേഷണം, ഫാര്‍മസ്യൂട്ടിക്കല്‍ ഫെസിലിറ്റി എന്നിവക്ക് പണം കണ്ടെത്തുക, ബാധിതരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള പണം കണ്ടെത്തുക തുടങ്ങി അതി വിശാലമായ ഉദ്ദേശ്യങ്ങളാണ് ഫണ്ടിന്റേത്.
ഫണ്ടിന്റെ ചെയര്‍പേഴ്‌സന്‍ പ്രധാനമന്ത്രിയും എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമാണ്. ആരോഗ്യം, ശാസ്ത്രം, സാമൂഹികപ്രവര്‍ത്തനം, നിയമം, പൊതുഭരണം, ദാനധര്‍മങ്ങള്‍ തുടങ്ങി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളില്‍ നിന്ന് മൂന്ന് പേരെ ട്രസ്റ്റിലേക്ക് പുതുതായി നിയമിക്കാം. പ്രധാനമന്ത്രിക്കായിരിക്കും അതിനുള്ള അവകാശം. പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയായിരിക്കും ട്രസ്റ്റിന്റെയും ഓഫിസ്.
പിഎം കെയര്‍ ഫണ്ട് ഓഡിറ്റ് ചെയ്യുന്നത് ഇന്‍ഡിപെന്റ് ഓഡിറ്ററായിരിക്കും. 23.04.2020 നു ചേര്‍ന്ന യോഗം എസ്എആര്‍സി ആന്റ് അസോസിയേറ്റ്‌സിനെ പിഎം കെയറിന്റെ ഓഡിറ്റര്‍മാരായി മൂന്ന് വര്‍ഷത്തേക്ക് നിയമിച്ചിട്ടുണ്ട്. സിഎജി നല്‍കുന്ന പാനലില്‍നിന്നായിരിക്കും നിയമനമെന്ന നിബന്ധന ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ല.
ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം പണം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരോ അധികാരികളോ ആണെങ്കിലും ഈ ഫണ്ട് പൊതുഅധികാരത്തിലുള്ള ഫണ്ടല്ല. ഇവര്‍ വ്യക്തികളെന്ന നിലയില്‍ മാത്രമാണ് ഈ ഫണ്ടിന്റെ 'നടത്തിപ്പുകാരോ' 'ഉടമസ്ഥ'രോ ആകുന്നതെന്നതാണ് ഉയര്‍ന്നുവന്നിട്ടുള്ള സംശയം.
സര്‍ക്കാരിന് അധികാരമില്ലാത്ത ഒരു ഫണ്ട് എന്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് സ്വന്തം ഓഫിസായി നിശ്ചയിക്കണം? അണ്ടര്‍ സെക്രട്ടറി പറഞ്ഞ പോലെ മൂന്നാം കക്ഷിയാണെങ്കില്‍ പിന്നെ പിഎം കെയറിന് സര്‍ക്കാരുമായി എന്ത് ബന്ധം? ഈ ഫണ്ടിലേക്ക് പണം വന്നിരിക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തിലൂടെയാണ്. ഇത് ഒരു പബ്ലിക് ഓഫിസല്ലാത്തതിനാല്‍ വിവരാവകാശനിയമത്തിനു പുറത്താണ് ഈ ഫണ്ടിന്റെ സ്ഥാനം. ഇത് ഇന്ത്യയുടെ ഫണ്ടല്ലെങ്കില്‍ പിന്നെ എന്തിനാണ് വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ ഇതിലേക്ക് പണം നല്‍കിയത്? ഈ ഫണ്ടില്‍ എത്രമാത്രം പണമുണ്ട്? ചോദ്യങ്ങള്‍ നിരവധിയാണ്.
വെബ്‌സൈറ്റ് അനുസരിച്ച് 2019-20 കാലത്ത് 3,076.62 കോടി രൂപയാണ് ഈ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്. അതില്‍ 39.68 ലക്ഷം വിദേശ കറന്‍സിയിലാണ് വന്നത്. 2020-21 കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
3,100 കോടി രൂപ ചെലവഴിച്ച കണക്ക് വെബ് സൈറ്റിലുണ്ട്.
2,000 കോടി: 50,000 മെയ്ഡി ഇന്‍ ഇന്ത്യ വെന്റിലേറ്ററുകള്‍ വാങ്ങാന്‍.
1000 കോടി കുടിയേറ്റത്തൊഴിലാളികള്‍ക്ക് വേണ്ടി
100 കോടി വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍.
ഈ ഫണ്ടിലെ പണം ഉപയോഗിച്ച് സപ്ലെ ചെയ്ത വെന്റിലേറ്ററുകളുടെ കണക്ക് ഒരു തമാശയാണ്. ഒരു ഉദാഹരണം ഇതാ; ഔറംഗബാദില്‍ പിഎം കെയര്‍ വഴി നല്‍കിയ വെന്റിലേറ്ററില്‍ 150ല്‍ 113ഉം ഉപയോഗശൂന്യമായിരുന്നു. ജ്യോതി സിഎന്‍സി എന്ന കമ്പനിയാണ് ഈ 150 വെന്റിലേറ്ററും നിര്‍മിച്ചിരുന്നത്. ഓക്‌സിജന്‍ ആവശ്യത്തിന് പ്രഷറില്‍ ലഭ്യമല്ലെന്നാണ് ഒരു തകരാറ്.
സ്വകാര്യ ആശുപത്രികളിലേക്ക് നല്‍കിയ പല വെന്റിലേറ്ററുകളും അവര്‍ ഉപയോഗിക്കുന്നില്ല. കാരണം ഉപയോഗിച്ചാല്‍ രോഗിയുടെ ജീവന്‍ പ്രശ്‌നത്തിലാവുമെന്ന് ആശുപത്രിക്കാര്‍ ഭയപ്പെടുന്നു. ഇതൊരു വ്യാപകപ്രശ്‌നമായിരുന്നു. ബോംബെ ഹൈക്കോടതി ഈ പ്രശ്‌നം പരിശോധിക്കുകയുംചെയ്തു.
ഫണ്ടുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിരവധി കേസുകളാണ് ഉള്ളത്. പിഎം കെയര്‍ ഫണ്ട് മൂന്നാം പാര്‍ട്ടിയുടേതാണെങ്കില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചതിന് പ്രദീപ് കുമാര്‍ ശ്രീവാസ്തവയ്‌ക്കെതിരേ കേസെടുക്കണമെന്ന ഒരു പരാതിയും നിലവിലുണ്ട്. പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് പിഎം കെയര്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍.