ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: എസ്ഡിപിഐ മണ്ണാര്‍ക്കാട് ടൗണില്‍ ധര്‍ണ സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ മണ്ണാര്‍ക്കാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സമീര്‍ ചോമേരി നേതൃത്വം നല്‍കി. തുടര്‍ന്ന് 6:30ന് എസ്ഡിപിഐ പാലക്കാട് ജില്ലാകമ്മിറ്റി മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
എസ്ഡിപിഐ മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സമീര്‍ ചോമേരി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വ. എ എ റഹീം ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന സമൂഹങ്ങള്‍ക്കിടയില്‍ സംശയവും സ്പര്‍ദ്ദയുമുണ്ടാക്കിയിരിക്കുകയാണ് ബിഷപ്പിന്റെ പ്രസ്താവന എന്ന് എ എ റഹീം കുറ്റപ്പെടുത്തി.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സഹീര്‍ ബാബു ചല്‍പ്രം വിഷയമാവതരിപ്പിച്ച് സംസാരിച്ചു.
വര്‍ഗീയതയ്ക്ക് എതിരാണെന്ന് അവകാശപ്പെടുന്നവര്‍ വര്‍ഗീയത പറഞ്ഞ ബിഷപ്പിന് പിന്തുണ നല്‍കാന്‍ അരമനയ്ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നത് അത്യന്തം ലജ്ജാകരമാണെന്നും സഹീര്‍ ബാബു പറഞ്ഞു.
സമൂഹത്തില്‍ ഛിദ്രതയും വെറുപ്പും ബോധപൂര്‍വം ശ്രമം നടത്തിയ ബിഷപ്പിനെ മഹത്വവല്‍ക്കരിക്കുന്നത് ആപല്‍ക്കരമാണെന്നും നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടോ എന്നു തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവന നടത്തിയ ബിഷപ്പിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സുലൈഖ റഷീദ്, ജില്ലാ സെക്രട്ടറി അഷിത നജീബ്, ജില്ലാ കമ്മിറ്റി അംഗം സുലൈമാന്‍,
മേഖല സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഉണ്യാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ച ധര്‍ണയില്‍ എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സമീര്‍ നന്ദി പറഞ്ഞു.