യുഎഇ ദേശീയ ദിനം: 'ദി ജേര്‍ണി ഓഫ് ജോഹറ'യുമായി റയീസയും ജാസ്മിനും

യുഎഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി 'ദി ജേര്‍ണി ഓഫ് ജോഹറ' കലാസൃഷ്ടി അവതരിപ്പിച്ച് തിരുവനന്തപുരം സ്വദേശിനി റയീസയും കൊച്ചി സ്വദേശിനി ജാസ്മിനും.

Update: 2021-12-05 13:26 GMT

ദുബയ്: യുഎഇയുടെ 50ാം ദേശീയ ദിനാഘോഷ ഭാഗമായി 'ദി ജേര്‍ണി ഓഫ് ജോഹറ' കലാസൃഷ്ടി അവതരിപ്പിച്ച് തിരുവനന്തപുരം സ്വദേശിനി റയീസയും കൊച്ചി സ്വദേശിനി ജാസ്മിനും. ദുബയ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ അല്‍ഫത്താന്‍ കറന്‍സി ഹൗസ് പോഡിയം ലെവലിലാണ് ഈ യുവതികള്‍ തയാറാക്കിയ യുഎഇയുടെ ഭൂപട പശ്ചാത്തലത്തിലുള്ള കലാസൃഷ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നാടിന്റെ വികസന നാള്‍ വഴികളാണ് ഇതിലെ പ്രതിപാദ്യം.

'ജോഹറ'യിലെ ഏഴക്ഷരങ്ങള്‍ ഏഴു എമിറേറ്റുകളെയും ഏഴു ഭരണാധികാരികളെയും പ്രതിനിധാനം ചെയ്യുന്നു. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍, എമിറേറ്റ്‌സ് ഭരണാധികാരികള്‍, ക്ഷേമ രാഷ്ട്രത്തിന് അവര്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ പെയിന്റിംഗില്‍ കാണാം. 1971ല്‍ നിലവില്‍ വന്ന യുഎഇ ഇപ്പോള്‍ എങ്ങനെയാണ്, എന്തൊക്കെ വെല്ലുവിളികള്‍ തരണം ചെയ്തായിരിക്കാം അവര്‍ ഇന്നത്തെ വികസനത്തില്‍ എത്തിയത് എന്നിവയൊക്കെ കാണാനാകും. പെയിന്റിംഗിലെ അവസാന ഭാഗത്ത് യുഎഇയുടെ ഫ്യൂചര്‍ വിഷന്‍ പറഞ്ഞിരിക്കുന്നുവെന്നും റയീസയും ജാസ്മിനും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചില വിട്ടുപോകലുകളുണ്ടാവാം. എന്നാല്‍, എല്ലാം പരമാവധി ഉള്‍പ്പെടുത്താന്‍ തങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്നും ഈ പോറ്റമ്മ നാടിനുള്ള തങ്ങളുടെ സമ്മാനമാണിതെന്നും ഇരുവരും പറഞ്ഞു.

രണ്ടാഴ്ച പ്രദര്‍ശനമുണ്ടാകും. പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്. കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമെങ്കില്‍ ചേര്‍ക്കുന്നതാണ്. എക്‌സ്‌പോ 2020യിലും ഇത് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

രണ്ടു മാസത്തെ സമയമെടുത്ത് മിക്‌സ് മീഡിയയിലാണ് ഈ കലാസൃഷ്ടി സംവിധാനിച്ചിരിക്കുന്നത്. ഇത് തയാറാക്കുമ്പോള്‍ ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നു. ക്യാന്‍വാസ് മൂന്നു മീറ്ററായിരുന്നതിനാല്‍ ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടായിരുന്നു. സാധാരണ ഭിത്തിയില്‍ വെച്ചാണ് ഇത്തരം പെയിന്റിംഗുകള്‍ ചെയ്യാറുള്ളത്. എന്നാല്‍, ഈ സൃഷ്ടി നിലത്ത് വെച്ചു തന്നെ നടത്തേണ്ടി വന്നു. ഇതിന്റെ വില്‍പന തീരുമാനിച്ചിട്ടില്ലെന്നും പൊതുജനങ്ങളില്‍ നിന്നും പ്രതികരണം തേടുകയാണെന്നും ഇവര്‍ പറഞ്ഞു.

Similar News