കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച പിന്നിട്ടതിന് ശേഷം പൈപ്പ് നന്നാക്കാനായി റോഡ് കുത്തിപ്പൊളിച്ചു
മാള: വൈന്തലയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച പിന്നിട്ടതിന് ശേഷം പൈപ്പ് നന്നാക്കാനായി റോഡ് കുത്തിപ്പൊളിച്ചു. പുത്തന്‍ചിറ പാറേമേല്‍ തൃക്കോവില്‍ ചാമുണ്ടശ്ശേരി ക്ഷേത്രത്തിന് സമീപമാണ് വൈന്തലയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന മെയിന്‍ പൈപ്പ് ലൈന്‍ പൊട്ടി മണിക്കൂര്‍ തോറും ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നുണ്ടായിരുന്നത്.
\പുത്തന്‍ചിറ ജലനിധിയിലും വാട്ടര്‍ തോറിറ്റിയിലും അറിയിച്ചിട്ട് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നീട് മാളയിലേക്ക് വിളിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ക്കാണ് വിളിക്കേണ്ടതെന്നാണ് പറഞ്ഞത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ക്ക് വിളിച്ച് പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ച ശേഷമാണിപ്പോള്‍ റോഡ് പൊളിച്ചത്. എങ്കിലും ചോര്‍ച്ച കണ്ടെത്താനായിട്ടില്ല. പമ്പിംഗ് നിര്‍ത്തി വെച്ച ശേഷം ഇന്ന് വീണ്ടും പണി തുടരേണ്ടതായി വരും. രണ്ട് ദിവസം കൂടി പണിതാലേ തകരാര്‍ പരിഹരിക്കാനാകൂയെന്നാണ് പരിസരവാസികള്‍ പറയുന്നത്. രണ്ടാഴ്ചക്കാലം ഈ വെള്ളം മുഴുവന്‍ ഒഴുകി വില്ല്വമംഗലം പാടത്ത് എത്തിയതിനാല്‍ കൃഷിക്കാര്‍ക്ക് കൊയത്ത് കഴിഞ്ഞപ്പോള്‍ വൈക്കോല്‍ ലഭിച്ചില്ല. കണ്ടത്തില്‍ വെള്ളം ഉള്ളതിനാല്‍ കൊയ്ത നെല്ല് മാത്രമാണ് ചില കര്‍ഷകര്‍ക്ക് ലഭിച്ചത്. ഇതിലൂടെ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.