മാള: റോഡിന് വേണ്ടി എല്ലാവരും ചേര്‍ന്ന് തീരുമാനിച്ച് പൊയ്യ ഗ്രാമപഞ്ചായത്തിലെ പൊതുകുളമായ കാടാംകുളം ചെറുതാക്കി. കുളം പുനഃരുദ്ധാരണത്തിന്റെ ഭാഗമായാണ് ഒരുവശം മാത്രം പൊളിച്ചുകെട്ടുന്നത്. സര്‍വകക്ഷി തീരുമാനപ്രകാരമാണ് കുളത്തിന്റെ അളവുകുറച്ചതെന്നാണ് ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം പറയുന്നത്. കുളത്തിന്റെ ഒരു ഭാഗം നിലവിലുള്ളതിനെക്കാള്‍ മൂന്ന് മീറ്ററോളം കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവിലുള്ള അളവില്‍ കരിങ്കല്ല് ഉപയോഗിച്ച് കെട്ടണമെങ്കില്‍ പഴയത് പൊളിക്കണം. അത്തരത്തില്‍ പൊളിച്ചാല്‍ കുളത്തിനോട് ചേര്‍ന്നുള്ള റോഡിന് ഇടിച്ചില്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പുതിയ തീരു മാനത്തിലെത്തിയത്. റോഡിന്റെ അടിവശം കൃത്യമായി ബലപ്പെടുത്താതെ നിര്‍മ്മിച്ചതുകൊണ്ടാണ് കുളത്തിനോട് ചേര്‍ന്നുള്ള ഭാഗം പൊളിക്കാന്‍ കഴിയാത്ത നിലയില്‍ മാറിയതെന്ന് എഞ്ചിനീയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപയാണ് ഇപ്പോഴത്തെ നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്. ഇപ്പോള്‍ നിര്‍മാണത്തിനായി കുളം വറ്റിച്ചപ്പോള്‍ പ്രദേശത്തെ കിണറുകളില്‍ വെള്ളമില്ലാതായി. ജലനിധി പദ്ധതിയിലൂടെ ആഴ്ചയില്‍ ഒരു ദിവസംപോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. കാടാംകുളത്തിന്റെ വിസ്താരം കുറക്കുന്നതി കാരണമായത് റോഡ് നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് നിഗമനം. ഇപ്പോള്‍ത്തന്നെ റോഡ് വശത്തേക്ക് ഇടിഞ്ഞതിനാല്‍ ഗതാഗതം ഒരു ദിശയില്‍ തടഞ്ഞിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ എരവത്തൂര്‍ അത്താണി എയര്‍പോര്‍ട്ട് റോഡായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് ഇടിയാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഗതാഗതം തടഞ്ഞത്. കുളത്തിലേക്ക് മൂന്നു മീറ്ററോളം തള്ളിയിട്ട് നിര്‍മ്മാണം പൂര്‍ ത്തിയാക്കിയശേഷം ശേഷിക്കുന്ന ഭാഗം നികത്താനാണ് പദ്ധതി. പക്ഷേ അത്തരത്തില്‍ നികത്തുന്നത് ഏതുതരത്തിലായിരിക്കുമെന്ന കാര്യത്തില്‍ കൃത്യമായ പദ്ധതിയില്ല. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പോളക്കുളം പദ്ധതിയില്‍നിന്ന് വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നത് കാടാംകുളത്തിലേക്കാണ്. 20 സെന്റോളം വിസ്തൃതിയിലുള്ള കുളം ചെറുതാക്കി സംഭരണശേഷി കുറയുന്നതില്‍ നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. കടുത്ത കുടിവെള്ളക്ഷാമം വരുത്തി വെക്കുന്ന പ്രവൃത്തിയാണിതെന്നും നാട്ടുകാര്‍ ആക്ഷേപമുന്നയിക്കുന്നു.