മാള: പൊട്ടിയ കുടിവെള്ള പൈപ്പ് മാറ്റിയശേഷം പൊളിച്ച റോഡ് അതേപടി കിടക്കുന്നു. മാള ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയായ കരിങ്ങോള്‍ച്ചിറയിലാണ് റോഡിന്റെ പകുതി വീതിയില്‍ പൊളിച്ചിട്ടിരിക്കുന്നത്. കുന്നത്ത്കാട്ടില്‍ നിന്നും കരിങ്ങോള്‍ച്ചിറയിലേക്ക് തിരിയുന്ന ഭാഗത്താണ് ഒരടിയിലധികം താഴ്ചയില്‍ റോഡ് കിടക്കുന്നത്. തുരുമ്പെടുത്ത പഴയ പൈപ്പും സമീപത്ത് നീക്കിയിട്ടിട്ടുണ്ട്. റോഡിന്റെ വളവിലായതിനാല്‍ വലിയ അപകട സാധ്യതയാണുള്ളത്. രാത്രി വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. പൊളിച്ച റോഡ് കൃത്യമായി മൂടാന്‍ ജല അതോറിറ്റി ഇതുവരെ തയ്യാറായിട്ടില്ല. ഒരാഴ്ച മുന്‍പ് പൈപ്പ് പൊട്ടി കൊടുങ്ങല്ലൂരിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. വൈന്തലയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും ജല അതോറിറ്റി കൊടുങ്ങല്ലൂരിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടുന്നതും റോഡ് തകരുന്നതും പതിവായിരിക്കുകയാണ്. ഈ വളവിലാണെങ്കില്‍ പതിവായി റോഡ് പൊളിയുന്നത് പതിവാണ്. ഏതാനും മാസം മുന്‍പ് ബിറ്റുമെന്‍ മെക്കാഡം ബിറ്റുമെന്‍ കോണ്‍ഗ്രീറ്റ് രീതിയില്‍ റോഡ് പണി നടത്തിയതാണ് പൊളിച്ചിട്ടിരിക്കുന്നത്.