ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു;കമ്പി തലയില്‍ തുളച്ച് കയറിയ യുവാവിന്റെ നില ഗുരുതരം
റോഡ് നിര്‍മാമണത്തിലെ അപാകത മൂലം ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു
കോന്നിചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് തിയേറ്റര്‍ ജങ്ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം.ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കവേയാണ് അപകടമുണ്ടായത്.ഓടയുടെ സമീപം കിടന്ന പഴയ കോണ്‍ക്രീറ്റ് സ്ലാബില്‍നിന്ന് തള്ളിനിന്ന കമ്പി യുവാവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു.പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്ക് ശസ്ത്രക്രിയനടത്തി.ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവായ രണ്ടര വയസ്സുകാരന്‍ കാശിനാഥ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രണ്ടു വര്‍ഷം മുന്‍പ് കൊവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടം.ബുധനാഴ്ച യദുവിന്റെ വിവാഹം നിശ്ചയം തീരുമാനിച്ചിരിക്കുകയായിരുന്നു.
കോന്നിചന്ദനപ്പള്ളി റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം അടുത്തിടെ കണ്ടെത്തിയിരുന്നു.മാവുങ്കല്‍ എന്ന കമ്പനിയാണ് ആറ് കോടി രൂപയ്ക്ക് റോഡിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഓടയുടെ നിര്‍മാണവും എങ്ങുമെത്തിയില്ല. ഒരിടത്തും മൂടി ഇട്ടിട്ടില്ല. പൊട്ടിക്കിടക്കുന്ന പഴയ സ്ലാബുകള്‍ പോലും മാറ്റിയിട്ടുമില്ല.റോഡ് നിര്‍മാമണത്തിലെ അപാകത മൂലം ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.