
സംഭൽ : ഉത്തർപ്രദേശിലെ സംഭൽ ശാഹി ജാമിഅ് മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. സഫർ അലിയുടെ മക്കൾക്കും ബന്ധുക്കൾക്കുമെതിരേ കേസെടുത്ത് പോലിസ്. കള്ളക്കേസിൽ സഫർ അലിയെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് മക്കൾക്കെതിരെയും കേസെടുത്തിരിക്കുന്നത്.
സമാധാന ലംഘനമോ പൊതു സമാധാനത്തിന് ഭംഗം വരുത്തുന്നതോ തടയുന്നതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസെന്ന് റിപോർട്ടുകൾ പറയുന്നു.
സഫർ അലിയുടെ മക്കളായ ഹൈദർ അലി, താഹിർ അലി, കമർ ഹസൻ, സഹോദര പുത്രൻമാരായ മുഹമ്മദ് ഡാനിഷ്, മുഹമ്മദ് മുജീബ് എന്നിവർക്കെതിരെയാണ് കേസെന്ന് പോലിസ് അറിയിച്ചു. ഇവരെല്ലാം ചന്ദോസി കോടതിയിൽ അഭിഭാഷകരാണ്.
ഈദ്, നവരാത്രി ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ സമാധാനം ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംഭാൽ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു.
അതേസമയം, സഫർ അലിയെ മോചിപ്പിക്കുന്നതുവരെ തങ്ങളാരും കോടതിയിൽ പ്രവേശിക്കില്ലെന്ന് സംഭൽ ജില്ലാ ബാർ അസോസിയേഷൻ അംഗങ്ങൾ തീരുമാനിച്ചു. സഫർ അലിയെയും കുടുംബത്തെയും പോലീസും പ്രാദേശിക ഭരണകൂടവും ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അഭിഭാഷകനായ മുഹമ്മദ് ഷാഹിദ് പറഞ്ഞു.