ഹിന്ദു രാഷ്ട്രത്തിന് ആദിവാസി ഭൂമി തട്ടിയെടുത്ത നിത്യാനന്ദയുടെ അനുയായികൾക്കെതിരേ കേസെടുത്ത് ബൊളീവിയ ; 20 പേരെ നാടുകടത്തി
സൂക്ര (ബൊളീവിയ): കൈലാസ എന്ന ഹിന്ദു രാഷ്ട്രത്തിനായി ആമസോൺ മഴക്കാടുകളിലെ ആദിവാസി ഭൂമി തട്ടിയെടുത്ത ഇന്ത്യൻ സന്യാസി നിത്യാനന്ദയുടെ അനുയായികൾക്കെതിരേ ബൊളിവിയയിലെ സർക്കാർ കേസെടുത്തു. ഇയാളുടെ അനുയായികളായ 20 പേരെ ഇന്ത്യയിലേക്കും യുഎസിലേക്കും ചൈനയിലേക്കും നാടുകടത്തി.
കൈലാസത്തിനായി ബൊളീവിയയിലെ ആദിവാസി ഭൂമി ആയിരം വർഷത്തേക്ക് സ്വന്തമാക്കാൻ രൂപീകരിച്ച കരാറുകളെല്ലാം സർക്കാർ റദ്ദാക്കി.
'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുമായി ' ബൊളീവിയ നയതന്ത്ര ബന്ധം പുലർത്തുന്നില്ലെന്ന് ബൊളീവിയയുടെ വിദേശകാര്യ മന്ത്രാലയം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. അതിനാലാണ് നിത്യാനന്ദയുടെ അനുയായികളെ പിടികൂടി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയത്
കാട്ടു തീ തടയാൻ സഹായിക്കാമെന്ന പേരിൽ എത്തിയാണ് നിത്യാനന്ദയുടെ സംഘം തട്ടിപ്പ് നടത്തിയതെന്ന് ആദിവാസി നേതാവായവ് പെഡ്രോ ഗ്വാസിക്കോ പറഞ്ഞു.
ഇന്ത്യയിലെ ന്യൂഡൽഹിയുടെ മൂന്നിരട്ടി വലിപ്പമുള്ള ഭൂമി തട്ടിയെടുക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. നിരവധി ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ നിത്യാനന്ദ യഥാർഥ ഹിന്ദു രാഷ്ട്രമായാണ് കൈലാസത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഈക്വഡോർ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് സമീപമാണ് കൈലാസം എന്ന പേരിൽ രാജ്യം സ്ഥാപിച്ചത്. ഇതിന് ആഗോള തലത്തിൽ അംഗീകാരമില്ല.