ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ തകർന്ന വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്ഥലം എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നു. ആഗസ്ത് 26 മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ നടത്തുന്നത്.
ഈ മാസം ആദ്യം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്ന വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയിലും സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ, ദുരിതത്തില്‍ തകര്‍ന്ന വയനാട്ടിലെ കുടുംബങ്ങള്‍ക്കായി 50,000 കിലോ അരിയും സാധനസാമഗ്രികളും രാഹുല്‍ എത്തിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത 10,260 കുടുംബങ്ങള്‍ക്കാണ് എംപിയുടെ സഹായമെത്തിയത്. സന്ദർശനത്തോടനുബന്ധിച്ച് വയനാട്ടിലെ രണ്ട് നിയോജക മണ്ഡലങ്ങളിലെ എംപി ഒാഫിസുകള്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി നേതാക്കളുമായും ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായും കൂടിക്കാഴ്ച നടത്തും. ലോക്സഭാ മണ്ഡലത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും സന്ദര്‍ശനത്തിലുണ്ട്.