കൊച്ചി: ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഫിഫെക്‌സ് 2022' രണ്ടാം എഡിഷന്‍ ഈ മാസം 28, 29, 30 തിയ്യതികളില്‍ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍, ഖജാന്‍ജി ബൈജു രാജേന്ദജ്രന്‍ എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും ഉല്‍പ്പന്നങ്ങള്‍ പുറത്തേക്കെത്തിക്കുക എന്നതിനോടൊപ്പം ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്കാനും ലക്ഷ്യമിട്ടാണ് ഫിഫെക്‌സ് 2022 സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.എക്‌സിബിഷനില്‍ സ്റ്റാളുകളിടുന്ന സ്ഥാപനങ്ങള്‍ക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം 80 ശതമാനം തുക ഗ്രാന്റായി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. അതോടൊപ്പം മറ്റു ചെലവുകള്‍ക്കായി കാല്‍ലക്ഷം രൂപയും അനുവദിക്കും.
ആദ്യമായാണ് മന്ത്രാലയം ഇത്തരത്തില്‍ ഗ്രാന്റ് അനുവദിക്കുന്നത്. ഗ്രാന്റ് ലഭിക്കുന്നതിനാല്‍ ചെറുകിട സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പ്പന നടത്താനും പണം മുടക്കേണ്ടതില്ലെന്ന നേട്ടവുമുണ്ടെന്നും ഇവര്‍ പറഞ്ഞു. ഉല്‍പന്നങ്ങള്‍ എത്തിക്കാനും ബ്രോഷറുകള്‍ ഉള്‍പ്പെടെ പ്രിന്റ് ചെയ്യാനും എക്‌സിബിഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കാനുമാണ് കാല്‍ലക്ഷം രൂപ നല്‍കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡിന് മുമ്പ് നടത്തിയ ഒന്നാം എഡിഷനില്‍ 450 സ്റ്റാളുകളിലായി നടത്തിയ ഫര്‍ണിച്ചര്‍ എക്‌സിബിഷനില്‍ 300 കോടിയോളം രൂപയുടെ ബിസിനസാണ് നടന്നത്. ഈ വര്‍ഷം നാനൂറു കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം എഡിഷനില്‍ പന്ത്രണ്ടായിരത്തിലേറെ യഥാര്‍ഥ ഉപഭോക്താക്കളും ഇരുപതിനായിരത്തോളം സന്ദര്‍ശകരും എത്തിയ ഫര്‍ണിച്ചര്‍ എക്‌സിബിഷന്‍ രണ്ടാം എഡിഷനില്‍ ഇരുപതിനായിരത്തോളം യഥാര്‍ഥ ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വന്‍കിട ഉപഭോക്താക്കളെ പ്രദര്‍ശനത്തിന് നേരിട്ടെത്തിക്കാന്‍ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. കൊവിഡ് കാലത്ത് വെര്‍ച്വലായി എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ബിസിനസുകാരും നിര്‍മാതാക്കളും നേരില്‍ പങ്കെടുക്കുന്നത് ബിസിനസിന് ഗുണകരമായിരിക്കുമെന്ന പ്രതീക്ഷയാണ് രണ്ടാം എഡിഷനു പിന്നിലുള്ളതെന്നും ഇവര്‍ പറഞ്ഞു.