1980 ലെ സര്‍ക്കാര്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്കെതിരെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ കൊണ്ടുവന്ന ഉത്തരവില്‍ മൂന്ന് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ബേബി ജോണ്‍ ആണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി. അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ ഇതായിരുന്നു ആ മൂന്ന് നിബന്ധനകള്‍. അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് തികച്ചും പ്രതികൂലമായിരുന്നു ആ നിബന്ധനകള്‍. ഈ മൂന്ന് കാര്യങ്ങളും ഭാഷാപഠനത്തെ നിരുത്സാഹപ്പെടുത്തുന്നതാണെന്നും മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ നിന്നും ഭാഷാപഠനത്തെ പുറകോട്ടുവലിക്കുന്നതിന് മാത്രമേ ഇത് ഉപകരിക്കൂ എന്നും തിരിച്ചറിഞ്ഞ അറബി അധ്യാപക സംഘടനകള്‍ നിവേദനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും വിഷയം അധികാരികളെ ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പ്രബല അറബി അധ്യാപക സംഘടനകളായ കെ.എ.എം.എയും (കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍) കെ.എടിഎഫും (കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍) പ്രത്യക്ഷ സമര പരിപാടികള്‍ സംയുക്തമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. 1980 ജൂലൈ 4ന് സെക്രട്ടറിയറ്റ് വളയാനും പ്രതിഷേധജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജൂലായ് 4ന് കേരളത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും അറബി അധ്യാപകര്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തി. സിഎച്ച് പരിപാടി ഉദ്ഘാനടം ചെയ്തു. 'അറബി അധ്യാപക സുഹൃത്തുക്കളെ നിങ്ങള്‍ സദാചാരവും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. നിങ്ങള്‍ തെരുവില്‍ സമരം ചെയ്യേണ്ടവരല്ല. ഭാവിതലമുറയെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തരാക്കുന്ന മഹത്തായ ജോലി നിര്‍വ്വഹിക്കാന്‍ നിങ്ങള്‍ സ്‌കൂളുകളിലേക്ക് മടങ്ങി പോകുക ഈ സമരം ഇതാ സമുദായം ഏറ്റെടുത്തിരിക്കുന്നു'-അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ സമരപരിപാടികള്‍ അവസാനിപ്പിച്ച് തിരിച്ചുപോയി.
സിഎച്ചിന്റെ ആഹ്വാന പ്രകാരം 1980 ജൂലായ് 30 റമദാന്‍ 17ന് സംസ്ഥാനത്തെ എല്ലാ കളക്ട്രേറ്റുകളും പിക്കറ്റ് ചെയ്യാന്‍ മുസ് ലിം യൂത്ത് ലീഗ് തീരുമാനിച്ചു. അന്നേ ദിവസംരാവിലെ 8 30ന് മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ നിന്ന് അന്നത്തെ കളക്ടറേറ്റ് ലക്ഷ്യംവെച്ച് മലപ്പുറത്തിന്റെ ജാഥ പുറപ്പെട്ടു. പ്രിയപ്പെട്ട ഭാഷയുടെ സംരക്ഷണത്തിനായി നോമ്പുനോറ്റ് വെയിലേറ്റ് തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ കളക്ടറേറ്റ് പടിക്കല്‍ എത്തിയ ജാഥ പോലിസ് തടഞ്ഞു. ആയിരങ്ങള്‍ അണിനിരന്ന പിക്കറ്റിംഗ് നിയന്ത്രിക്കുന്നതിന് ചെറിയ ഒരു പോലിസ് സംഘം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും യാതൊരു പ്രകോപനവും കൂടാതെ പോലിസും പ്രവര്‍ത്തകരും തികഞ്ഞ സഹകരണത്തിലും സംയനത്തിലും തന്നെയായിരുന്നു. ട്രാഫിക്തടസ്സം പോലുമില്ലാതെ പ്രവര്‍ത്തകര്‍ ചെറുസംഘങ്ങളായി അറസ്റ്റ് വരിച്ചുകൊണ്ടിരുന്നു.
11 മണി കഴിഞ്ഞപ്പോള്‍ അന്നത്തെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ആസൂത്രിതനീക്കം എന്ന രീതിയില്‍ ഒരു ജീപ്പില്‍ പാഞ്ഞുവന്നു. പിക്കറ്റിംഗ് നടത്തി കൊണ്ടിരിക്കുന്ന വര്‍ക്കിടയിലൂടെ സിവില്‍ സ്‌റ്റേഷനിലേക്ക് ജീപ്പില്‍ തന്നെ പോകണം എന്ന് വാശിപിടിച്ചു. ആളുകളെ വിരട്ടി മാറ്റി പ്രകോപനം സൃഷ്ടിച്ചു. സംഘര്‍ഷസ്ഥലത്തേക്ക് പോലിസിന്റെ ഒരു സായുധസംഘം വാഹനത്തില്‍ പാഞ്ഞെത്തി. ലാത്തിയടിയും ടിയര്‍ ഗ്യാസുമായി സമരക്കാരെ നേരിട്ടു. മിനുട്ടുകള്‍ക്കകം തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ തുരുതുരെ വെടിയുതിര്‍ത്തു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്ത ദേവതിയാല്‍ സ്വദേശി കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹ്മാന്‍ (22), മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദ് (24), കാളികാവിലെ ചേറും കുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ (24) എന്നീ യുവാക്കള്‍ പോലിസിന്റെ വെടിയേറ്റ് പിടഞ്ഞുവീണു മരിച്ചു. കണ്ണില്‍ കണ്ടവരെയെല്ലാം പോലിസ് ലാത്തി കൊണ്ട് അടിച്ചും തോക്കുകൊണ്ട് അടിച്ചും ചോരപ്പുഴയൊഴുക്കി.
മലപ്പുറത്ത് നിന്നും അടിച്ചു വീശുന്ന കാറ്റിന് കരിഞ്ഞ മനുഷ്യ മാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധമാണുള്ളതെന്ന് എഎച്ച് വികാരനിര്‍ഭരമായി അന്ന് നിയമസഭയില്‍ പ്രസംഗിച്ചു. ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ അന്ന് നിയമസഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.
വീണ്ടും സി.എച്ചിന്റെ പ്രഖ്യാപനം വന്നു. 'സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരം തുടരും. ഒരു ലക്ഷം പേരുമായി സെക്രട്ടേറിയേറ്റ് വളയും'.
താമസിയാതെ നടപടി പിന്‍വലിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയായ ബേബി ജോണ്‍ അറിയിച്ചു. അക്കമഡേഷനും ഡിക്ലറേഷനും കൂടാതെ തന്നെ ഏത് വിദ്യാര്‍ത്ഥിക്കും മറ്റേത് ഭാഷയും എന്ന പോലെ അറബി പഠിക്കാനും നിലവിലുള്ള അധ്യാപകരെ ഒഴിവാക്കി ക്വാളിഫിക്കേഷന്‍ ഉയര്‍ത്താനും ധാരണയായി.
ഭാഷ പഠിക്കുന്നതിന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി, ലഭ്യമായ അവകാശം കവരുന്നവരെ ചെറുത്തുതോല്‍പ്പിക്കുന്നതിന് വേണ്ടി പൊതുസമൂഹം ജീവന്‍ കൊടുത്ത് സമരം ജയിച്ച ഭാഷാ സമര രക്തസാക്ഷിത്വത്തിന്റെ അനുസ്മരണ ദിനമാണ് ജൂലൈ 30.